വിദ്യാഭ്യാസം: ദേശീയതല നയങ്ങള്‍ അഴിച്ചുപണിയണം

കേരളത്തില്‍ ഇന്നലെ പ്രവേശനോത്സവമായിരുന്നു. അതേ ദിവസമാണ് മുന്‍ അധ്യയന വര്‍ഷം (2021-22) പത്താം ക്ലാസ് പരീക്ഷയെഴുതിയവരില്‍ രാ‍ജ്യത്ത് 35 ലക്ഷം പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടാനായില്ലെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന സമൂഹമെന്ന നിലയില്‍ ഇന്നലെ ആദ്യമായി സ്കൂളിലെത്തിയ കുട്ടികളെ വര്‍ണാഭമായ പ്രവേശനോത്സവത്തോടെയാണ് കേരളത്തില്‍ സ്വീകരിച്ചത്. വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപക – രക്ഷാകര്‍തൃ സമിതികള്‍, അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് ഉത്സവാന്തരീക്ഷത്തില്‍ കുട്ടികളെ വരവേല്‍ക്കുന്നത്.  പഠനത്തിനും പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ സൗകര്യങ്ങളുമൊരുക്കി അവരെ ഉയര്‍ന്ന ക്ലാസുകളിലെത്തുന്നതുവരെ, നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാരിന്റെ മാത്രമല്ല എല്ലാവരുടെയും പിന്തുണയുണ്ടാകാറുണ്ട്. പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. പാഠപുസ്തകങ്ങളും ഉച്ചഭക്ഷണ സാധനങ്ങളും നേരത്തെ തന്നെ വിതരണം ചെയ്തു. സ്കൂള്‍ കെട്ടിടങ്ങളില്‍ ശുചീകരണം നടത്തല്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍, ഗതാഗത സൗകര്യം ഏര്‍പ്പെടുത്തല്‍, ബോധവല്‍ക്കരണം, കൗണ്‍സിലിങ് എന്നിങ്ങനെ ഭൗതികവും മാനസികവുമായ എല്ലാം നേരത്തെ തന്നെ ഉറപ്പാക്കുന്നു. ഇതെല്ലാം വിപുലമായ ജനകീയ പങ്കാളിത്തത്തോടെയും ഉത്സവച്ഛായയിലുമാണ് നടത്തുന്നത്. സ്കൂളുകള്‍ തുറന്നത് ഈ വര്‍ഷം ജൂണ്‍ ഒന്നിനായിരുന്നുവെങ്കിലും പുതിയതായി എത്തുന്ന കുട്ടികള്‍ക്കു മാത്രമാണ് അന്ന് ആദ്യത്തെ ദിവസമാകുന്നത്.

ബാക്കിയുള്ളവര്‍ക്കെല്ലാം ഈ കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തെതന്നെ ആരംഭിക്കേണ്ടതിനാല്‍ സ്കൂള്‍ വര്‍ഷാരംഭം മേയ് മാസത്തിലോ അതിന് മുമ്പോ ആണ്. എല്ലാ കുട്ടികളെയും പഠനത്തിന്റെ ഭാഗമാക്കുന്നതിന് വിപുലമായ സംവിധാനങ്ങളുള്ള അപൂര്‍വം സംസ്ഥാനങ്ങളിലൊന്നുമാണ് നമ്മുടേത്. 6849 എൽപി സ്കൂളുകളും 3009 യുപി സ്കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കന്‍ഡറി സ്കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂളുകളും ഇവിടെയുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ ആകെ എണ്ണം 13,964  ആണ്. അൺ എയ്ഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452  ആകും.
ഇത്രയും പ്രാധാന്യത്തോടെ സ്കൂള്‍ വിദ്യാഭ്യാസത്തിന് പരിഗണന നല്കുന്നു എന്നതുകൊണ്ടാണ് പോയവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയവരില്‍ ഉന്നത പഠനത്തിന് കൂടുതല്‍ പേര്‍ യോഗ്യത നേടിയ സംസ്ഥാനമായികേരളത്തിന് മാറുവാന്‍ സാധിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതിയവരില്‍ 35 ലക്ഷം പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടാനായില്ല. 7.5 ലക്ഷം പരീക്ഷയ്ക്ക് ഹാജരാകാത്തവരും  27.5 ലക്ഷം പരാജയപ്പെട്ടവരുമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഛത്തീസ്ഗഢ്, അസം, രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമബംഗാള്‍, ഹരിയാന, ബിഹാര്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് പത്താം ക്ലാസില്‍ പരീക്ഷയെഴുതി ഉന്നത പഠനത്തിന് യോഗ്യത നേടാത്തവരിലെ 85 ശതമാനവുമെന്ന പ്രത്യേകതയും ശ്രദ്ധിക്കണം. അതേസമയം കേരളത്തിലെ വിജയനിരക്ക് 99.89 ശതമാനമാണ്. പഞ്ചാബിന്റെ വിജയ ശതമാനം 97.8 ശതമാനമാണ്.

ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ച് മുസ്ലിങ്ങളുടെ പങ്കാളിത്തം ഗണ്യമായി കുറയുന്നുവെന്ന റിപ്പോര്‍ട്ട്. ഇതും കേന്ദ്ര സര്‍ക്കാരിന്റേതു തന്നെയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണെന്ന വ്യത്യാസം മാത്രം. അതേസമയം കേരളത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വിഭാഗത്തില്‍ നിന്നുള്ള 43 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നത്. ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടാകുന്നത് ഉത്തര്‍പ്രദേശിലാണ്, 36 ശതമാനം. യുപിയിലെ ജനസംഖ്യയില്‍ 20 ശതമാനം വരുന്ന മുസ്ലിം വിഭാഗത്തില്‍ നിന്ന് ഉന്നത പഠനത്തിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ 4.5 ശതമാനം മാത്രമാണ്. ജമ്മുകശ്മീര്‍ 26, മഹാരാഷ്ട്ര 8.5, തമിഴ്‌നാട് 8.1 ശതമാനം വീതമാണ് മറ്റിടങ്ങളിലെ കണക്ക്.  ഡല്‍ഹിയില്‍ യോഗ്യത നേടുന്ന അഞ്ചില്‍ ഒരാള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസം നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ എണ്ണത്തിലും മുസ്ലിം വിഭാഗം കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദേശീയ തലത്തിലുള്ള കണക്കുകളും കേരളത്തിന്റെ വ്യതിരിക്തതയും മാത്രമല്ല ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പല പേരുകളിലുള്ള വിദ്യാഭ്യാസ നയങ്ങള്‍ കേന്ദ്രം രൂപീകരിക്കുന്നുവെങ്കിലും അത് നടപ്പിലാക്കുന്നതില്‍ ഗൗരവതരമായ നടപടികളുണ്ടാകുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നയങ്ങള്‍ രൂപീകരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസ പുരോഗതി കൈവരിക്കാനാവില്ല. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനവും സാമൂഹ്യ സാഹചര്യങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്. സാമ്പത്തികമായ പിന്‍ബലം നല്കുന്ന കുടുംബ പശ്ചാത്തലം സൃഷ്ടിക്കുകയും വേണം. കേരളത്തില്‍ അത് സൃഷ്ടിക്കാനായി എന്നതുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നേറുവാന്‍ സാധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും അത്തരത്തില്‍ ഗൗരവത്തോടെയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച വരുംകാല റിപ്പോര്‍ട്ടുകളും ന്യൂനതകള്‍മാത്രം നിറഞ്ഞതായിരിക്കും.

അവതരിപ്പിച്ച കണക്കുകൾ ദേശീയ സ്ഥിതിവിവരക്കണക്കുകൾ ചിത്രീകരിക്കുക മാത്രമല്ല, കേരളത്തിന്റെ വ്യതിരിക്തത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. വ്യത്യസ്ത പേരുകളിൽ സർക്കാർ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. കേവലം നയരൂപീകരണം കൊണ്ട് വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കാനാവില്ല; അടിസ്ഥാന സൗകര്യ വികസനം, അനുകൂലമായ സാമൂഹിക സാഹചര്യങ്ങൾ, കുടുംബങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം എന്നിവ ആവശ്യമാണ്. ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയാണ് വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ വിജയം. മറ്റ് സംസ്ഥാനങ്ങളും സമാനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, അവരുടെ ഭാവി വിദ്യാഭ്യാസ റിപ്പോർട്ടുകളും അപര്യാപ്തമാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x