കൊച്ചി: കേരളത്തിലെ ആദ്യ എല്‍ പി ജി ഇറക്കുമതി ടെര്‍മിനല്‍ കൊച്ചിയിലെ പുതുവൈപ്പില്‍ പ്രവര്‍ത്തന സജ്ജമായി. ഇതോടെ എല്‍ എൻ ജി ടെര്‍മിനലും, എല്‍ പി ജി ടെര്‍മിനലും ഉള്ള അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നായി കൊച്ചി മാറി.
എല്‍പിജി നീക്കത്തിനായി പ്രതിവര്‍ഷം 500 കോടിയോളം രൂപയാണു ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ക്കായി കമ്ബനികള്‍ ചിലവഴിക്കേണ്ടി വരുന്നത് എന്നതിനാല്‍ കൊച്ചിയിലെ ഇറക്കുമതി ടെര്‍മിനല്‍ ശത കോടികളുടെ ലാഭമാണ് കമ്ബനികള്‍ക്ക് നല്‍കുന്നത്.
ഇറക്കുമതി ടെര്‍മിനലില്‍ പരീക്ഷണാര്‍ഥമുള്ള ആദ്യ കപ്പല്‍ രണ്ട് ദിവസം മുമ്ബാണ് കൊച്ചി തീരത്ത് എത്തിയത്. എല്‍പിജി ഘടകങ്ങളുമായി ചെഷെയര്‍ എന്ന സൗദി അറേബ്യൻ കപ്പല്‍ വെള്ളിയാഴ്ച വൈകീട്ടോടെ് കൊച്ചിയില്‍ തീരമണഞ്ഞു. കപ്പല്‍ നാളെ കൊച്ചി തീരം വിടുകയും ചെയ്യും. ഇന്ത്യൻ ഓയില്‍ കോര്‍പറേഷനാണ് 700 കോടിയിലേറെ നിക്ഷേപത്തില്‍ എല്‍ പി ജി ഇറക്കുമതി ടെര്‍മിനല്‍ സ്ഥാപിച്ചത്. കേരളത്തിലെ എല്‍ പി ജി ലഭ്യത ഇനി കൂടുതല്‍ എളുപ്പമായി മാറും.
പ്രതിഷേധത്തെ തുടര്‍ന്ന് ഒരുഘട്ടത്തില്‍ ഉപേക്ഷിക്കുമെന്ന നിലയില്‍വരെ എത്തിയ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കേരളത്തിനാവശ്യമായ എല്‍ പി ജി ടാങ്കര്‍ മംഗലാപുരത്ത് നിന്ന് റോഡ് മാര്‍ഗം എത്തിക്കുന്നത് ഇനി വലിയ തോതില്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും. മംഗളൂരു ടെര്‍മിനലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ വിതരണത്തെ ബാധിക്കുമെന്ന സാഹചര്യത്തേയും ഇനി ഒഴിവാക്കാന്‍ സാധിക്കും.
ബുള്ളറ്റ് ടാങ്കര്‍ സമരം ഉണ്ടായാലും വിതരണം തടസ്സപ്പെടുന്ന അവസ്ഥയ്ക്കും കൊച്ചിയില്‍ ടെര്‍മിനല്‍ വന്നതോടെ പരിഹാരമായി. കായലിലൂടെ സ്ഥാപിച്ച പൈപ് ലൈനിലൂടെയാണ് ടെര്‍മിനലില്‍ നിന്ന് ഉദയംപേരൂരിലെ ഐഒസി ബോട്‌ലിങ് പ്ലാന്റില്‍ വാതകം എത്തിക്കുന്നത്. അതേസമയം ഐഒസിയുടെ കൊല്ലം പാരിപ്പള്ളി, മലപ്പുറം ചേളാരി ബോട്‌ലിങ് പ്ലാന്റുകളിലേക്കു വാതകം എത്തിക്കാൻ ബുള്ളറ്റ് ടാങ്കറുകളുടെ സഹായം വേണ്ടി വന്നേക്കും.
കൊച്ചി – സേലം എല്‍പിജി പൈപ് ലൈനിലൂടെ തമിഴ്നാട്ടിലേക്കും വാതകം കൊണ്ടുപോകും. കൊച്ചി പാലക്കാട് പൈപ്പ് ലൈന്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. എല്‍പിജിയുടെ ഘടകങ്ങളായ പ്രൊപെയ്നും ബ്യുട്ടെയ്നുമാണ് സൌദിയില്‍ നിന്നും എത്തിയത്. ഇവ സ്വീകരിച്ചു ടെര്‍മിനലിലെ വ്യത്യസ്ത ടാങ്കുകളില്‍ സംഭരിക്കും. പിന്നീട് രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ചു കൂട്ടിക്കലര്‍ത്തും. ഗന്ധത്തിനായി സള്‍ഫര്‍ കലര്‍ന്ന ഈഥൈല്‍ മെര്‍കാപ്റ്റൻ എന്ന രാസവസ്തുവാണ് എല്‍പിജിയില്‍ ചേര്‍ക്കുക.
കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ടണ്ണോണം എല്‍ പി ജിയാണ് ഉപഭോഗം. കൊച്ചി, കൊല്ലം, കോഴിക്കോട് എന്നീ മൂന്ന് ബോട്ടിലിംഗ് പ്ലാന്റുകളുള്ള കേരളത്തിലെ പാചക വാതകത്തിന്റെ മുൻനിര വിതരണക്കാരാണ് ഐഒസി. സംസ്ഥാനത്ത് 352 എല്‍പിജി ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പുകളും 33 ഓട്ടോ എല്‍പിജി ഡിസ്പെൻസിങ് സ്റ്റേഷനുകളും ഐഒസിക്കുണ്ട്. കേരളത്തിലെ എല്‍പിജി വിപണിയില്‍ ഐഒസിയുടെ വിഹിതം 50 ശതമാനത്തിലേറെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെറിയ ‘ചോട്ടാ’ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റുമായും ഐഒസി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 5 കിലോ പാചക വാതക സിലിണ്ടറുകള്‍ മികച്ച പ്രതികരണമാണ് വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചോട്ട സിലിണ്ടറുകളുടെ മൊത്തം വില്‍പ്പനയുടെ നാലിലൊന്ന് കേരള വിപണിയില്‍ നിന്നാണെന്നും കമ്ബനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ ഇടപാടുകളിലും കമ്ബനി മികച്ച പ്രതികരണം നേടിയിട്ടുണ്ട്. എല്‍പിജിയുടെ 90% റീഫില്‍ ബുക്കിംഗുകളും ഡിജിറ്റല്‍ മോഡ് വഴിയാണ് നടക്കുന്നത്. കൂടാതെ, 33% പേയ്‌മെന്റുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് നടക്കുന്നത്. അടുത്തിടെ മണ്ണെണ്ണയ്ക്കും ഡീസലിനും പകരം മത്സ്യബന്ധന യാനങ്ങളില്‍ എല്‍പിജി ഉപയോഗിക്കുന്നതിനും ഐഒസി തുടക്കമിട്ടിരുന്നു.


