കൊല്ലം ജില്ലയിലെ മോഡൽ വില്ലജ് ലൈബ്രറിയായ ചാണപ്പാറ സൻമാർഗ്ഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ രണ്ടാമത് എസ്.സുകുമാരൻ സ്മാരക അവാർഡ്-2024-2025, കൊല്ലം ജില്ലയിലെ വെൺപാലക്കര, ശാരദാവിലാസിനി ഗ്രന്ഥശാലക്ക് സമർപ്പിക്കും. ഗ്രന്ഥശാല രംഗത്തെ മികവുറ്റ പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.സലിം പ്രസിഡന്റ് കെ.ബി.മുരളീകൃഷ്‌ണൻ, സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡന്റ് ജെ.സി അനിൽ എന്നിവരടങ്ങിയ ജഡ്‌ജിംഗ് പാനലാണ് അവാർഡിനർഹമായ ഗ്രന്ഥശാലയെ തിരെഞ്ഞെടുത്തത്.
50 പത് വർഷത്തിലധികം ചാണപ്പാറ സൻമാർഗ്ഗദായിനി സ്മാരക വായനശാലയുടെ പ്രസിഡന്റായും വിവിധ കാലയളവിൽ ഭരണ സമിതി അംഗമായും ഗ്രന്ഥശാല രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച എസ്.സുകുമാരൻ മികച്ച ഭാഷ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്വജീവിതം ഗ്രന്ഥശാല പ്രസ്ഥാനത്തിനും വൈജ്ഞാനിക മേഖലക്കും സമർപ്പിച്ച എസ്.സുകുമാരന്റെ പേരിൽ സൻമാർഗ്ഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ അവാർഡ് കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അവാർഡുകളിൽ ഒന്നാണ്
1927 ഒക്ടോബർ 6ന് കൊല്ലം ജില്ലയിലെ വെൺപാലക്കരയിൽ സ്ഥാപിക്കപ്പെട്ട, ശാരദാവിലാസിനി ഗ്രന്ഥശാല സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിൽ ഒന്നാണ്. 99 വർഷം പഴക്കമുള്ള ഈ ഗ്രന്ഥശാല. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഇ.എം.എസ് പുരസ്‌കാരം, ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുത്തൂർ സോമരാജൻ പുരസ്‌കാരം, തുടങ്ങിയ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സംസ്ഥാത്തെ മോഡൽ വില്ലേജ് ലൈബ്രറിയാണ്. തകഴി, പി.കേശദേവ്, പി.എൻ.പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ ഇ.എം.എസ്, എ.കെ.ജി, കെ.ആർ.ഗൗരിയമ്മ, വി.എസ്.അച്യുതാനന്ദൻ, പി.ഭാസ്കരൻ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഈ ഗ്രന്ഥാലയം സന്ദർശിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെയും ഐക്യ കേരളത്തിലെയും സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്വല വ്യക്തിത്വങ്ങൾ ഈ ഗ്രന്ഥശാലയിൽ അതിഥികളായി എത്തിയിട്ടുണ്ട്.
25000 പുസ്തകങ്ങളും 3000 യിരത്തിലധികം അംഗങ്ങളുമുള്ള കൊല്ലം ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക സ്ഥാപനമാണ് ഈ അക്ഷരാലയം. സെൽവി.എസ് പ്രസിഡന്റായും, ഐ.സലിൽകുമാർ സെക്രട്ടറിയായുമുള്ള ഭരണസമിതിയാണ് ശാരദാവിലാസിനി ഗ്രന്ഥശാലക്ക് നേതൃത്വം നൽകുന്നത്.
10,001 രൂപയും, മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 2026 ജനുവരി 22 വൈകുന്നേരം 3 മണിക്ക് സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ വച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ സമർപ്പിക്കും. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.സലിം പ്രസിഡന്റ് കെ.ബി.മുരളീകൃഷ്‌ണൻ, ജോയിന്റ് സെക്രട്ടറി പ്രൊ.ബി.ശിവദാസൻ പിള്ള, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ് ഗോപകുമാർ, പ്രസിഡന്റ് എസ്.ഷാജി, ശാരദാവിലാസിനി ഗ്രന്ഥശാല പ്രസിഡന്റ് സെൽവി.എസ്, സെക്രട്ടറി ഐ.സലിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഗ്രന്ഥശാല പ്രസിഡന്റ് ജെ.സി.അനിൽ അധ്യക്ഷത വഹിക്കും


