ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാജ മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനായി പോലീസ്, എക്സൈസ്, റവന്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായി പരിശോധന സംഘടിപ്പിക്കും.
ഓണാഘോഷത്തോടനുബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വിലയിരുത്തുന്നതിനായി എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സംസ്ഥാന അതിര്‍ത്തിയിലെ വനമേഖലകളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാനും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനകള്‍ കാര്യക്ഷമമാക്കാനും പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ രാത്രികാല വാഹന പരിശോധനകള്‍ ഊര്‍ജിതപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
വിലക്കയറ്റം തടയുന്നതിന് അളവ് തൂക്കത്തില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ,ലീഗല്‍ മെട്രോളജിയെന്നീ വകുപ്പുകള്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും.
മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയുന്നതിനും പഴകിയ ഭക്ഷണസാധനങ്ങളുടെ വില്പന തടയുന്നതിനും ബേക്കറികള്‍, ഹോട്ടലുകള്‍, പഴം പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ ഫുഡ് സേഫ്റ്റി ആരോഗ്യവകുപ്പ് സ്ഥാപനങ്ങളുടെ ഹെല്‍ത്ത് സ്‌ക്വാഡ് എന്നിവര്‍ സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കാനും തീരുമാനമായി .
ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു