വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ ഇടവേള നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്.
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്.
തൊഴിലാളികള്‍ക്കു സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുൻനിർത്തിയാണു പരിശോധന ശക്തമാക്കിയത്. വെയിലത്തു പണിയെടുപ്പിക്കുന്നുവെന്ന പരാതി ഉണ്ടായാല്‍ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. ലേബർ ഓഫിസർമാരുടെ നേതൃത്വത്തില്‍ തൊടുപുഴ, മുട്ടം, ചെറുതോണി തുടങ്ങി വിവിധയിടങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തി തൊഴിലുടമകള്‍ക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കി.
കെട്ടിട നിർമാണ സൈറ്റുകള്‍, റോഡ്, കലുങ്ക് നിർമാണ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വേനല്‍ച്ചൂട് കനത്തതോടെയാണ് വെയിലത്തു തൊഴിലെടുക്കുന്നവരുടെ ജോലിസമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ചു ലേബർ കമീഷണർ ഉത്തരവിറക്കിയത്. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിക്കണം. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തിയാണ് ഉച്ചക്ക് വിശ്രമം അനുവദിക്കേണ്ടത്. എന്നാല്‍, വേനല്‍ച്ചൂടിന് കാഠിന്യമേറുമ്ബോഴും പലയിടങ്ങളിലും ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. പ്രധാനമായും നിർമാണ മേഖലയിലാണ് നിർദേശം ലംഘിച്ച് തൊഴിലാളികളെ നട്ടുച്ച സമയത്തു പോലും ജോലി ചെയ്യിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതർ പരിശോധന കർശനമാക്കിയത്. തൊഴിലാളികള്‍ സന്നദ്ധരായാലും വെയിലിനു കാഠിന്യമുള്ള വേളയില്‍ നേരിട്ടു വെയിലേല്‍ക്കുന്ന സ്ഥലത്തു ജോലി ചെയ്യിപ്പിക്കാൻ തൊഴിലുടമ തയാറാകരുത്. സ്വകാര്യ തൊഴിലിടങ്ങളിലും പൊതു നിർമാണ സൈറ്റുകളിലും ബാധകമാകുംവിധമാണ് ഉത്തരവ്. അതേസമയം, സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ലേബർ ഓഫിസില്‍ അറിയിക്കാം. ഫോണ്‍: 04862 222363, 8547655396.