ചടയമംഗലം പഞ്ചായത്തിലെ കടന്നൂർ പാറക്വാറിയുമായി ബന്ധപ്പെട്ട സി.എസ്.ആർ (Corporate Social Responsibility) ഫണ്ട് വിനിയോഗത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. വ്യവസായങ്ങൾ മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കേണ്ടത്. ഹോസ്പിറ്റൽ, സ്കൂൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കോ വ്യവസായങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് പരിസ്ഥിതിക്കുണ്ടായ നാശങ്ങൾക്ക് പകരമായോ ഈ ഫണ്ട് വിനിയോഗിക്കണം എന്നാണ് കേന്ദ്ര പരിസ്ഥിതിവകുപ്പ് വിജ്ഞാപനത്തിൽ പറയുന്നത്.
എന്നാൽ ഇതിന് വിരുദ്ധമായി പോരേടത്തെ സി.പി.ഐയുടെ വായനശാല നവീകരണത്തിനും മറ്റുമായി ഈ ഫണ്ട് ഉപയോഗിക്കാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി. തുടർന്ന് കോൺഗ്രസ് അംഗങ്ങളായ നസീം അമ്പലത്തിൽ, മഞ്ജു മറിയപ്പള്ളി തുടങ്ങിയവർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി.
ഈ ക്വാറിയുടെ പ്രവർത്തനം മൂലം റോഡുകൾ താറുമാറാകുകയും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്ന വാർഡാണ് കണ്ണംകോട്. ഈ വാർഡിനെ അവഗണിച്ചു ഫണ്ട് മറ്റ് വാർഡുകളിലേക്ക് വകമാറ്റുവാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ റിയാസ്, വാർഡ് അംഗങ്ങളായ അമ്പലത്തിൽ നസീം, മഞ്ജു മറിയപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പുളിമൂട്ടിൽ രാജൻ തുടങ്ങിയവർ അറിയിച്ചു..