തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം . യുവതിയെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു. വിവസ്ത്രയായി ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിൽ പ്രതി യുവതിയെ കൊണ്ടുവന്ന് ബലാത്സംഗം ചെയ്തത്. കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ബലാത്സംഗം. സംഭവം മൊബൈൽ ഫോണിൽ പകർത്തി. കൂടാതെ, ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രാവിലെ യുവതി ഗോഡൗണിൽ നിന്ന് കെട്ടഴിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതി യുവതിയെ പിടികൂടാൻ പിന്തുടരുകയായിരുന്നു . യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തി
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണിൽ നിന്ന് പിടികൂടി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കിരണും യുവതിയുമായി പരിചയമുണ്ട്. ഇന്നലെ മറ്റൊരു സുഹൃത്തുമായി യുവതി കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയപ്പോള്‍ കിരണ്‍ യുവതിയെ മർദ്ദിച്ചു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതിയെ ബൈക്കിൽ കയറ്റിയത്. യാത്രക്കിടെയും യുവതിയെ മർദ്ദിച്ച ശേഷമാണ് രാത്രിയിൽ കിരൺ ഗോഡൗണിലെത്തിച്ചത്. നാട്ടുകാർ ഓടികൂടിയതോടെ കിരണിന് രക്ഷപ്പെടാനായില്ല. യുവതി തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
