സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ, മറ്റു സ്ത്രീകൾ, സിനിമ നടിമാർ തുടങ്ങിയവരുടെ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത്, ടി ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മൊർഫ് ചെയ്തു അശ്ലീല ചിത്രങ്ങൾ ആക്കി മാറ്റി ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്ട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകൾ വഴി പ്രചരിപ്പിച്ച പൂയപ്പള്ളി, കാറ്റാടി സ്വദേശി സജി റ്റി. എസ് (21) നെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു..
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ ഫേക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അപ്‌ലോഡ് ചെയ്തതിനു ടിയാനെതിരെ പൂയപ്പള്ളി പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് രെജിസ്റ്റർ ചെയ്തിരുന്നു, ഇതേ ഫേക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി കോളേജ് വിദ്യാർത്ഥിനിയുടെ മൊർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതിനു എഴുകോൺ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുകയായിരുന്നു. സ്കൂൾ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്തു നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച പ്രതിയെ എത്രയും വേഗം കണ്ടെത്തുന്നതിനായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം.എൽ ഐ.പി.എസ് പൂയപ്പള്ളി, എഴുകോൺ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ ടീമിനെ നിയോഗിച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്തു 30 ദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റു ചെയ്യുന്നതിനും കൊല്ലം റൂറൽ പൊലീസിന് സാധിച്ചു. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു. എസ്.റ്റി, എസ്.ഐ അഭിലാഷ് എ.ആർ, എ.എസ്.ഐ കിഷോർ, സി.പി.ഒ മാരായ ബിനീഷ്, അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ, മറ്റു സ്ത്രീകൾ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്‌യുന്ന ഫോട്ടോകൾ പ്രതികൾ ശേഖരിക്കുകയും ടി ഫോട്ടോകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അപ്പ്ലിക്കേഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഓൺലൈൻ ടൂളുകൾ എന്നിവയുടെ സഹായത്തോടെ ആണ് മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി മാറ്റുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളുടെ സഹായത്തോടെ ഡീപ്ഫേക്ക് (Deepfake)* സാങ്കേതികവിദ്യയിലെ ഏറ്റവും അറിയപ്പെടുന്ന ഉപയോഗങ്ങളിലൊന്നായ ഫേസ്-സ്വാപ്പിംഗ് (Face-swapping) ഉപയോഗപ്പെടുത്തിയാണ് ഇത്തരം ഫേക്ക് ചിത്രങ്ങൾ ഉണ്ടാക്കുന്നത്. ഇതുവഴി ഒരു വ്യക്തിയുടെ മുഖം മറ്റൊരു വ്യക്തിയുടെ മുഖത്തിന് പകരം വയ്ക്കുന്നതിനും, ഒരു വ്യക്തിയുടെ രൂപഭാവം മാറ്റാനോ, സാങ്കൽപ്പിക ചിത്രങ്ങൾ സൃഷ്ടിക്കാനോ സാധിക്കുന്നു. സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് ഇത്തരത്തിൽ കൂടുതലായി മോർഫ് ചെയ്യാൻ പ്രതികൾ ഉപയോഗിക്കുന്നത്. ആയതിനാൽ അപരിചിതരായ ആൾക്കാരെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയും, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കിയും വെയ്ക്കുന്നത് ഉചിതമായിരിക്കും.

