14 -കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് 13 വർഷം കഠിന തടവും നാൽപ്പത്തി അയ്യായിരം രൂപ പിഴയും. ശിക്ഷ വിധിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ്. പാങ്ങോട് സ്വദേശിയും പെൺകുട്ടിയുടെ ചിറ്റപ്പനുമായ 24 -കാരനെയാണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്.
പിഴ തുക അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2017 -ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡിപ്പിക്കാൻ ഉള്ള ഉദ്ദേശത്തിൽ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു പോയപ്പോൾ കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറിൽ ഒരു ഞാറാഴ്ച്ചയാണ് അടുത്ത സംഭവം നടന്നത്. അന്നേദിവസം പ്രതി കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളിൽ കൊണ്ടുപോവുകയും വായക്കുള്ളിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
കുട്ടി ബഹളം വെച്ച് പ്രതിയെ അടിക്കുകയും ചവിട്ടുകയും ചെയ്തപ്പോഴായിരുന്നു കുട്ടിയെ വിട്ടത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. പീഡനത്തിൽ മനോനില തകർന്ന കുട്ടിയെ വീട്ടുകാർ ഡോക്ടറെ കാണിച്ചെങ്കിലും ഭയത്തിൽ സംഭവം പറഞ്ഞില്ല.
പീഡനത്തിന് ശേഷം വീണ്ടും പ്രതി ശല്യപെടുത്തിയപ്പോഴാണ് കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിയത്. പ്രോസിക്യഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ , അഭിഭാഷകരായ എം മുബീന, ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. 15 സാക്ഷികളെയും, 21 രേഖകളും, ആറ് തൊണ്ടിമുതലകളും ഹാജരാക്കി. പാങ്ങോട് എസ് ഐ ജെ അജയൻ ആണ് അന്വേഷണം നടത്തിയത്.