കൊല്ലം ജില്ലയിൽ കുമ്മിൾ പഞ്ചായത്തിൽ 2 ആം വാർഡായ മുക്കുന്നം പ്രദേശത്ത് പുതിയതായി തുടങ്ങാൻ പോകുന്ന ഗ്യാലക്സി ക്വാറിയ്ക്കുള്ള പബ്ലിക് ഹിയറിങ് 22/07/2023 ന് കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് നടന്നു. രാവിലെ 10.30 നു ആരംഭിച്ച പബ്ലിക് ഹിയറിങ് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു. അതിൽ 200 ഓളം പേർ പങ്കെടുത്തു. 28 പേർ സംസാരിച്ചു. അതിൽ 20 പേർ ക്വാറി വേണ്ടായെന്നു എതിർത്ത് സംസാരിച്ചു. എട്ടു പേരാണ് ക്വാറിയെ അനുകൂലിച്ച് സംസാരിച്ചത് . അതിൽ മുക്കുന്നം വാർഡിൽ പെട്ട 3 പേരും മറ്റു മേഖലയിൽപ്പെട്ട 5 പേരുമാണ്. പാറയും പാറ ഉൽപ്പന്നങ്ങളും നാടിന്റെ വികസനത്തിന് അവശ്യമാണ്,ജനങ്ങളുടെ ആശങ്കകൾ അകറ്റി ക്വാറിവരുന്നത് സ്വാഗതാർഹം ആണ്. അതുകൊണ്ട് കൂടുതൽ ആളുകൾക്ക് തൊഴിൽ അവസരം കിട്ടുമെന്നും ആണ് അനുകൂലിച്ചു സംസാരിച്ചവർ അഭിപ്രായപ്പെട്ടത് . 500 മീറ്റർ ചുറ്റളവിൽ വരുന്ന സമീപവാസികൾ 95% പേരും വരാൻ പോകുന്ന ക്വാറിയെ എതിർക്കുകയാണ്.
പ്രദേശ വാസികളുടെ അഭിപ്രായത്തിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്വാറിയിൽ നിന്നും നിരവധി ബുദ്ധിമുട്ടുകൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . മാരകമായ രോഗങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു, റോഡപകടങ്ങൾ വർധിക്കുന്നു, കിണറുകളിൽ വെള്ളം വറ്റുന്നു,കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു, കിണറുകൾ കുടുങ്ങി താഴുന്നു, സ്ഫോടനം മൂലം ശബ്ദമലിനീകരണം സംഭവിക്കുന്നു, വീടുകൾക്ക് വിള്ളലുകൾ ഉണ്ടാകുന്നു , ജനലുകൾ പൊട്ടുന്നു. ക്വാറിയിൽ നിന്നും ഉണ്ടാകുന്ന മലിനജലം ഒഴുകി ചെറുകര ജലാശയത്തിൽ എത്തുന്നത് ജൈവവൈവിധ്യത്തിനു സാരമായ കേടുപാടുണ്ടാക്കുന്നു. ഇരപ്പുപാറ ടൂറിസം പോലുള്ള പദ്ധതികൾക്ക് ഈ ക്വാറികൾ വിഘാതം സൃഷ്ടിക്കുന്നു. പ്രകൃതിയുടെ ആവാസ വ്യവസ്ഥ തന്നെ മാറ്റിമറിക്കുന്നു. വരും തലമുറയ്ക്കു സമാധാനമായി ജീവിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനിയൊരു ക്വാറി കൂടി താങ്ങാനുള്ള ശക്തി ഈ നാട്ടിലെ പ്രദേശ വാസികൾക്കില്ല എന്നാണ് അവരുടെ അഭിപ്രായങ്ങൾ ആയി ഉയർത്തി കാട്ടിയത്.നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട അധികാരികൾ ഈ ക്വാറി അനുവദിക്കരുത്. അനുമതി നൽകിയാൽ ഇതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾക്കു പൂർണ ഉത്തരവാദികൾ അധികാരികളായിരിക്കും എന്നും എതിർത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഉച്ചയ്ക്ക് 2.30 നു ഹിയറിങ് അവസാനിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ .എം ഇർഷാദ് , മുക്കുന്നം വാർഡ് മെമ്പറും കുമ്മിൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ പി. രജിതകുമാരി . കൊണ്ടോടി വാർഡ് മെമ്പർ കുമ്മിൾ ഷമീർ ,കുമ്മിൾ നോർത്ത് വാർഡ് മെമ്പർ നിഫാൽ , മുക്കുന്നം ഷാനവാസ് , സക്കീർ കുമ്മിൾ, മധു ചെറുകര , അജിത്കുമാർ ചെറുകര, വിജയൻ ചെറുകര , തങ്കപ്പൻ പിള്ള ചെറുകര, സരിത ചെറുകര , വേണു ചെറുകര , അഹമ്മദ് കബീർ , കുമ്മിൾ സാലി , അൻസാരി മുക്കുന്നം, സലാഹുദീൻ മുക്കുന്നം, ജയൻ കല്ലുതേരി, നവാസ് ചേമ്പുപണ, സിറാജ് കല്ലുതേരി , നജീം വാലുപച്ച എന്നിവർ വരാൻ പോകുന്ന ക്വാറിയെ എതിർത്ത് സംസാരിച്ചു, നിലപാടെടുത്തു . കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മധു , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപിള്ള , ചിതറ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എം.എസ് മുരളി , സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.അജയൻ എന്നിവർ പുതിയ ക്വാറി വരുന്നതിനെ അനുകൂലിച്ചു നിലപാടെടുത്തു.

