സംസ്ഥാനത്തെ ചിക്കൻ വ്യാപാരികൾ 15ന് കടയടപ്പ് സമരം നടത്തും. കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ 16 വരെ മൂന്നു ദിവസത്തെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിവില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴിഫാം ഉടമകളുടെ നടപടിക്കെതിരേയാണ് കേരള ചിക്കൻ വ്യാപാരി സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി സമരത്തിൽ പങ്കെടുക്കുന്നില്ല.പാവപ്പെട്ട വ്യാപാരികളെ സമരത്തിലേക്ക് എത്തിച്ചത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന കുത്തക കോഴിഫാം മാഫിയയാണെന്ന് ചിക്കൻ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ കെ.വി റഷീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ട്രോളിംഗ് നിരോധനവും ബക്രീദും മുന്നിൽകണ്ടാണ് ഫാം ഉടമകൾ കോഴി പൂഴ്ത്തിവച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി കോഴത്തീറ്റക്കും അനുബന്ധ സാധനങ്ങൾക്കും പറയത്തക്ക വിലവർദ്ധനവ് ഉണ്ടായിട്ടില്ല. എന്നിട്ടും ഫാമുകളിൽ വില വർദ്ധിക്കുകയാണ്. കോഴിയുടെ ക്ഷാമമാണ് വില വർദ്ധനവിന് കാരണമായി ഫാമുകാർ പറയുന്നത്.
മുപ്പതു വർഷത്തിനിടയിലുള്ള ഉയർന്ന വിലയാണിപ്പോൾ കോഴിക്ക്. ഫാമുകളിൽ ഉത്പ്പാദനചെലവ് കിലോക്ക് 90 രൂപ മാത്രമാണ് കോഴിക്ക് വരിക. എന്നാൽ വിൽക്കുന്നത് 137 രൂപയ്ക്കാണ്. ഇതു കാരണം വിപണിയിൽ കോഴിയിറച്ചി വില വർദ്ധിച്ചു. ഇന്നലെ 260 രൂപയാണ് ഒരു കിലോ കോഴിയിറച്ചിക്ക് കോഴിക്കോട്ടെ വില. തമിഴ്നാട്ടിലെ കോഴി ഫാം ഉടമകളാണ് സംസ്ഥാനത്തെ വിപണി വില തീരുമാനിക്കുന്നത്. ജില്ലയിൽ മാത്രം 2000ത്തോളം കോഴിക്കടകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. വിലകൂട്ടുന്നത് ചില്ലറ വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ കരുതുന്നത്. അതുകൊണ്ട് ചില്ലറ വ്യാപാരികളെ കൊള്ളക്കാരായി ചിത്രീകരിക്കുന്നു. സംസ്ഥാനത്തുള്ള ഫാമുകളിൽ ഉത്പ്പാദിപ്പിക്കുന്ന കോഴിക്കും തമിഴ്നാടിന്റെ വില തന്നെയാണ് ഈടാക്കുന്നത്. കോഴിക്ക് അനിയന്ത്രിതമായി വിലകൂട്ടുന്ന സാഹചര്യത്തിൽ കോഴിഫാമുകളിൽ ഉൾപ്പെടെ പരിശോധന നടത്താൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു