രണ്ടാനമ്മയുടെ സഹായത്തോടെ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 70 വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ടി.ജി വർഗീസ് ആണ് കേസിൽ ശിക്ഷ വിധിച്ചത്. 10 വർഷം മുൻപ് ആണ് സംഭവം നടന്നത്. അവധിക്കാലത്ത് പെൺകുട്ടി വീട്ടിൽ എത്തിയപ്പോൾ വിവിധ ദിവസങ്ങളിൽ പ്രതികൾ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം അഞ്ച് വ്യത്യസ്ത കേസുകളാക്കി മാറ്റുകയായിരുന്നു. ഇതിൽ മൂന്നു കേസിലെ പ്രതികളെ ആണ് ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതി കൊന്നത്തടി
കണ്ണാടിപ്പാറ ഇരുണ്ടതൂക്കിൽ മിനി (43)യെ
രണ്ട് കേസുകളിലായി മൊത്തം 42 വർഷം
കഠിന തടവിന് ശിക്ഷിച്ചു. 11,000 രൂപ പിഴ
അടയ്ക്കണം. എന്നാൽ ആകെ ഇരുപത്
വർഷം തടവ് അനുഭവിച്ചാൽ മതിയെന്ന്
കോടതി വ്യക്തമാക്കി. മിനിയുടെ വീട്ടിൽ
വച്ചാണ് പീഡനം നടന്നത്. കേസിലെ മറ്റു
പ്രതികളും സഹോദരങ്ങളുമായ അറക്കുളം
കോഴിപ്പള്ളി ചീനിമൂട്ടിൽ വിനോദ്, മനോജ്
എന്നിവർക്ക് 11 വർഷം വീതം കഠിന തടവും
6,000 രൂപ വീതം പിഴയും വിധിച്ചു. മറ്റൊരു
കേസിലെ പ്രതിയായ കോളപ്ര കിഴക്കുമല
ഒറ്റക്കുറ്റിയിൽ ശിവൻ കുട്ടി (70)യെ മൂന്നു
വർഷം കഠിന തടവിനും 5,000 രൂപ പിഴ
ഒടുക്കുന്നതിനും ശിക്ഷിച്ചു. മറ്റൊരിടത്ത്
വച്ചാണ് പെൺകുട്ടിയെ പ്രതി ഉപദ്രവിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം പ്രതികൾ അധിക
തടവ് അനുഭവിക്കണം. പിഴ തുക
അതിജീവിതക്ക് നൽകണമെന്നും കോടതി
വിധിച്ചു.
കുട്ടിയുടെ പുനരധിവാസത്തിനായി നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. 2013ൽ കുളമാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോ മോൻ ജോസഫ് കോടതിയിൽ ഹാജരായി. കേസിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട പ്രതികൾക്കെതിരെ അപ്പീൽ ഫയൽ ചെയ്യാനാണ് പ്രോസിക്യൂഷൻ നീക്കം