കാലടി സംസ്കൃത സർവകലാശാല ഗവേഷണ വിഭാഗത്തിലെ Phd സീറ്റുകളിൽ സംവരണ അട്ടിമറി; സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ‘ സംവരണ ഓഡിറ്റ് ‘ നടത്തുക.
08/05/202
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ നിർമിച്ചു ഗസ്റ്റ് ലക്ചറർ നിയമനം നേടാൻ ശ്രമിച്ച മുൻ എസ്. എഫ്. ഐ നേതാവ് കെ.വിദ്യയുടെ കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം പിഎച്ച്‍ഡി പ്രവേശനം, സംവരണം ഉൾപ്പെടെ അട്ടിമറിച്ച് ക്രമപ്രകാരമല്ലാതെ നേടിയതാണ് എന്ന ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. കാലടി സർവ്വകലാശാല മലയാള ഗവേഷണ വിഭാഗത്തിൽ 2019-20 കാലത്ത് പിഎച്ച്ഡി പ്രവേശനത്തിന് 10 സീറ്റുകളിലേക്ക് റിസർച്ച് കമ്മിറ്റി ഗവേഷകരെ തിരഞ്ഞെടുത്ത ശേഷവും വിദ്യയ്ക്ക് വേണ്ടി 5 പേരെ അധികം തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 5 പേരെ തിരഞ്ഞെടുത്തപ്പോൾ അഞ്ചാമത്തെ വ്യക്തി SC/ST സംവരണ പ്രകാരമാകണമെന്ന മാനദണ്ഡമാണ് അട്ടിമറിക്കപ്പെട്ടത്. SC/ST സെല്ലിന്റെ പരിശോധനയിൽ സംവരണം അട്ടിമറിക്കപ്പെട്ടതായും വൈസ് ചാൻസലർ ക്രമവിരുദ്ധമായി ഇടപെട്ടതായും കണ്ടെത്തിയിട്ടും തുടർ നടപടികൾ ഉണ്ടായില്ല.
സംസ്ഥാനത്തെ സർവ്വകലാശാലകളിലെ അധ്യാപക നിയമങ്ങളിലും, വിദ്യാർത്ഥി പ്രവേശനങ്ങളിലും നടക്കുന്ന സംവരണ അട്ടിമറികളെ പറ്റി ഏറെ നാളുകളായി വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ AISA ഒരു സമഗ്രമായ ഓഡിറ്റ് ആവശ്യപ്പെടുകയാണ്. കഴിഞ്ഞ കാലങ്ങളിൽ പരാതി ഉയർന്ന നിയമനങ്ങൾ, പ്രവേശനങ്ങൾ, നിലവിലെ അധ്യാപക നിയമനവും- വിദ്യാർത്ഥി പ്രവേശന രീതിയും, SC/ST സെല്ലുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമതയും, സംവരണം ഉറപ്പാക്കാൻ സർവ്വകലാശാലകൾ നടത്തുന്ന പ്രവർത്തനങ്ങൾ, സംവരണ മാനദണ്ഡം അട്ടിമറിക്കാൻ ഉപയോഗിക്കുന്ന ചട്ടങ്ങളിലെയും പ്രാക്റ്റീസിലെയും ലൂപ് ഹോളുകൾ, സംവരണ അട്ടിമറികൾക്ക് നേതൃത്വം നൽകിയവർക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടി തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ സംവരണ ഓഡിറ്റ് നടക്കേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങകള മികവിന്റെയും തുല്യതയുടേയും കേന്ദ്രങ്ങളാക്കാനും ഈ മേഖലയെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും എല്ലാ വിഭാഗം ജനങ്ങൾക്കും അവസര തുല്യതയും സാമൂഹ്യ നീതിയും ഉറപ്പാക്കാനുമുള്ള ശ്രമങ്ങളാണ് പൗര സമൂഹത്തിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. അക്കാദമിക മേഖലയിൽ ജാതി മേധാവിത്വവും ക്രമവിരുദ്ധമായ നീക്കങ്ങളിലൂടെ രാഷ്ട്രീയ – അധികാര കുത്തകയും സ്ഥാപിക്കാനും അതുവഴി ഉന്നത വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങളെ ഒന്നാകെ പിന്നോട്ട് നടത്താനുമുളള ശ്രമങ്ങളെ വിദ്യാർത്ഥി സമൂഹം അനുവദിച്ചു കൊടുക്കുകയില്ല.