fbpx

കര്‍ക്കടക വാവുബലിക്ക് വര്‍ക്കലയില്‍ സര്‍വീസ് നടത്തിയ സ്വകാര്യബസുകള്‍ക്ക്‌ പിഴ

കർക്കടക വാവുബലിക്ക് വർക്കലയിൽ സർവീസ് നടത്തിയ സ്വകാര്യബസുകൾക്ക് കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പിഴ ചുമത്തി  പ്രൈവറ്റ് ബസുകൾ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയെന്നാരോപിച്ചാണ് പിഴചുമത്തിയത്. ഇരുപത്തിയെട്ടിൽപ്പരം ബസുകൾക്ക് 7500 രൂപ വീതമാണ് പിഴ ചുമത്തിയത്.

ബലി കർമങ്ങൾക്ക് എത്തിയ ഏറിയ പേരും സ്വകാര്യ ബസുകളെയും കെ.എസ്.ആർ.ടി.സി ബസുകളെയുമാണ് ആശ്രയിച്ചത്. സ്വകാര്യ ബസുകൾ വർക്കല ടൗണിൽ നിന്ന് ക്ഷേത്രം ജംഗ്ഷനിലേക്ക് 10 രൂപ യാത്രാനിരക്ക് ഈടാക്കിയപ്പോൾ 30 ശതമാനം വർദ്ധനവ് വരുത്തിയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയതെന്നും ആരോപണമുണ്ട്. 17ന് രാവിലെ 7 വരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് ബസ് സർവീസ് നടന്നത്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ചെയ്ഞ്ച് ആയതോടെ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ നിലപാട് മാറിയെന്നും സ്വകാര്യ ബസ് ജീവനക്കാർ ആരോപിക്കുന്നു. പകരം കെ.എസ്.ആർ.ടി.സി ബസിൽ ജനങ്ങളെ കുത്തിനിറച്ച് സർവീസ് നടത്തി. നഗരസഭയുടെ മേൽനോട്ടത്തിൽ ആർ.ടി.ഒ, പൊലീസ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ,വ്യാപാരി വ്യവസായി സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തിഗതാഗത  നിയന്ത്രണത്തെക്കുറിച്ച് ചർച്ച നടത്തുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന നടപടികൾ ഇത്തവണ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് ഗതാഗത നിയന്ത്രണ ക്രമീകരണങ്ങൾ അറിഞ്ഞതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തത നൽകാൻ തയ്യാറായില്ലെന്നും ബസ് ഉടമകൾ പറയുന്നു.

പൊലീസിന്റെ ഗതാഗത നിയന്ത്രണപ്രകാരം വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് വഴി വർക്കല ക്ഷേത്രം ജംഗ്ഷനിൽ എത്തിച്ചേർന്ന ബസുകൾക്ക് പിഴ ചുമത്തിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. ചെക്ക് റിപ്പോർട്ട് നൽകി പിഴ ചുമത്തിയ നടപടി ആർ.ടി.ഒ അധികാരികൾ ഒഴിവാക്കണമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജയറാം ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x