സംസ്ഥാനത്ത് പഞ്ചായത്തുകളുടെ വിഭജനം ഉറപ്പായി. വലിയ വാർഡുകൾവിഭജിക്കും. വലിയ പഞ്ചായത്തുകൾ വിഭജിച്ചു അതിർത്തികൾ പുനർനിർണയിക്കാനായി സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി റിപ്പോർട്ട് നൽകും.
2025 – ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഭജനം നടക്കുമെന്ന് അറിയാൻ കഴിയുന്നത്.
നിലവിലെ ഗ്രാമപ്പഞ്ചായത്തുകൾ വിഭജിച്ച് പുതിയ ഗ്രാമപ്പഞ്ചായത്തുകൾ രൂപവത്കരിക്കുക, നഗരസ്വഭാവമുള്ള പഞ്ചായത്തുകൾ നഗരസഭകളാക്കുക, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ അതിർത്തി പുനർനിർണയിക്കുക, ആവശ്യമെങ്കിൽ കോർപ്പറേഷൻ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യമുണ്ടോയെന്ന് പരിശോധിക്കാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനും പഞ്ചായത്ത് ഡയറക്ടർ കൺവീനറുമായ സമിതിയെ മാർച്ചിലാണ് ചുമതലപ്പെടുത്തിയത്.
സമിതി 30-നകം റിപ്പോർട്ട് നൽകും. നഗരകാര്യ ഡയറക്ടർ, ചീഫ് ടൗൺ പ്ലാനർ, കില ഡയറക്ടർ എന്നിവർ ഉൾപ്പെട്ടതാണ് സമിതി.
ശുപാർശ സർക്കാർ അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനായി ഡിലിമിറ്റേഷൻ കമ്മിഷൻ രൂപവത്കരിക്കും. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിലായി 21,900 വാർഡുകളുണ്ട്. കഴിഞ്ഞ തിരഞ്ഞടുപ്പിനുമുമ്പ് വാർഡ് വിഭജനത്തിന് നീക്കം നടന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിച്ചു. വാർഡ് വിഭജന നടപടികൾ പൂർത്തിയാക്കാൻ ഒരുവർഷത്തോളം വേണ്ടിവരും.
2001-ലെ സെൻസസ് പ്രകാരം 2010-ലാണ് സമ്പൂർണമായി വാർഡ് വിഭജനം നടന്നത്. 2015-ൽ 69 പുതിയ പഞ്ചായത്തുകളും 32 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപ്പറേഷനും രൂപവത്കരിച്ചിരുന്നു. എന്നാൽ, ഗ്രാമപ്പഞ്ചായത്തുകളുടെയും നാലു മുനിസിപ്പാലിറ്റികളുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കി.