ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെടുമ്പോൾ തലസ്ഥാന നഗരി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. എഴുമണിയോടെയാണ് തലസ്ഥാനം നഗരിയോട് വിട പറഞ്ഞു കൊണ്ട് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരവുമായി യാത്ര തിരിച്ചത്.
വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.
തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വിലാപ യാത്ര പരിഗണിച്ചാണ് ക്രമീകരണം.

