ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് കടയ്ക്കൽ ക്ഷേത്ര മൈതാനിയിൽ നടത്തുന്നതിനെതിരെ കൂടുതൽ പരാതികൾ . തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിനാണ് പരാതിയുമായി ബിജെപി നേതാവ് അഡ്വ. ശങ്കു ടി. ദാസ് മുന്നോട്ട് വന്നത് .
കുമ്മിൾ പഞ്ചായത്ത് അംഗം ഷെമീർ കുമ്മിൾ കൊല്ലം ജില്ലാ കളക്ടർക്ക് മുമ്പ് പരാതി അയച്ചിരുന്നു . അതിന് ശേഷമാണ് അഡ്വ. ശങ്കു ടി. ദാസ് പരാതിയുമായി മുന്നോട്ടു വന്നത്.
എന്നാൽ നവകേരള സദസ്സിന്റെ സംഘടിപ്പിക്കാനായി സ്റ്റേജ് വർക്കിന്റെയും ബാക്കി അറ്റകുറ്റപ്പണികളും ക്ഷേത്ര മൈതാനിയിൽ പുരോഗമിക്കുകയാണ് .
പരാതി ഇങ്ങനെ
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ളതുമായ കടയ്ക്കൽ ദേവീ ക്ഷേത്രത്തിന്റെ മൈതാനിയിൽ വെച്ച് ഡിസംബർ 20ന് വൈകീട്ട് 3 മണിക്ക് നവകേരള സദസ്സുമായി ബന്ധപ്പെട്ട പൊതുയോഗം സംഘടിപ്പിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള ഫ്ലക്സുകളും ബാനറുകളും പോസ്റ്ററുകളും മറ്റും നവകേരള സദസ്സ് ചടയമംഗലം നിയോജക മണ്ഡലം സംഘാടക സമിതി ക്ഷേത്ര പരിസരത്തും പ്രദേശത്താകെയും സ്ഥാപിച്ചിട്ടുള്ളതായി കാണുകയുണ്ടായി. ക്ഷേത്ര സംബന്ധിയല്ലാത്ത ഇത്തരമൊരു സാമൂഹിക – രാഷ്ട്രീയ – സർക്കാർ പരിപാടി ക്ഷേത്രഭൂമിയിൽ വെച്ച് സംഘടിപ്പിക്കുന്നത് ക്ഷേത്രാചാരങ്ങൾക്കും ദേവസ്വം നിയമങ്ങൾക്കും ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള വിധികൾക്കും ദേവസ്വം ബോർഡിന്റെ തന്നെ സർക്കുലറിനും വിരുദ്ധമാണെന്ന വസ്തുത അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ.
2023ലെ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടി കക്ഷിയായ മൂന്ന് വ്യത്യസ്ത കേസുകളിൽ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ക്ഷേത്ര മൈതാനിയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു പരിപാടികൾ നടത്താനാവില്ല എന്ന് വ്യക്തമാക്കിയിട്ടും അത് തടയാനുള്ള ദേവസ്വം ബോർഡിന്റെ ബാധ്യത ചൂണ്ടി കാണിച്ചിട്ടുമുണ്ട്. വെള്ളായണി ദേവീ ക്ഷേത്രവുമായും ശാർക്കര ദേവീ ക്ഷേത്രവുമായും ബന്ധപ്പെട്ട ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ വിധികൾ അങ്ങ് ഓർമിക്കുമല്ലോ. Hindu Seva Kendram v. State of Kerala and others [2023 (3) KHC 258] എന്ന കേസിലെ വിധിയിൽ “Cultural or social activities unconnected with temple worship have no role to play in temple premises” എന്നും ബഹുമാനപ്പെട്ട കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ 20/10/2023 തീയതിയിൽ ROC.23/2023/VIG എന്നൊരു സർക്കുലർ പുറത്തിറക്കിയിട്ടുമുണ്ട്. ഈ സർക്കുലർ പ്രകാരം ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ ക്ഷേത്ര സംബന്ധിയല്ലാത്ത യാതൊരു വിധ രാഷ്ട്രീയ സാമൂഹിക സർക്കാർ പരിപാടികളും സംഘടിപ്പിക്കാൻ പാടില്ലാത്തതാണ്. അങ്ങനെയിരിക്കെ ഇതിനൊക്കെ വിരുദ്ധമായി ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത നവകേരള സദസ്സ് പോലൊരു സർക്കാർ പരിപാടിയുടെ പൊതുയോഗം ക്ഷേത്ര മൈതാനിയിൽ വെച്ച് നടത്താനുള്ള തീരുമാനത്തെ ഒരു ക്ഷേത്ര വിശ്വാസി എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും സർവോപരി നിയമ വാഴ്‌ചയുള്ള ഒരു രാജ്യത്തെ പൗരൻ എന്ന നിലയിലും ഞാൻ ചോദ്യം ചെയ്യുകയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കണമെങ്കിൽ ക്ഷേത്രത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് പ്രദേശവാസികളായ ഭക്തരിൽ നിന്നറിയാൻ സാധിച്ചിട്ടുള്ളത്. ഇതിനെതിരെ ക്ഷേത്ര പരിസരത്തു വിശ്വാസികളുടെ പ്രതിഷേധം അരങ്ങേറുന്നുണ്ടെന്നും അതിനെ നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹം തന്നെ ക്ഷേത്ര പരിസരത്ത് തമ്പടിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നു. അപ്രകാരം ക്ഷേത്രത്തിന് അഹിതകരമാകുന്ന യാതൊന്നും തന്നെ അവിടെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബോർഡിന്റെ ബാധ്യതയാണെന്ന് അങ്ങയെ ഞാൻ ഓർമപ്പെടുത്തുന്നു.
ആയതിനാൽ, നിയമങ്ങൾക്കും കോടതി വിധികൾക്കും ബോർഡിന്റെ തന്നെ മുൻ സർക്കുലറുകൾക്കും വിരുദ്ധമായി ഡിസംബർ 20ന് കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന നവകേരള സദസ്സിന്റെ പൊതുയോഗത്തിന് ഒരു കാരണവശാലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകരുതെന്നും, അഥവാ തെറ്റായി വല്ല അനുമതിയും ഇതിനകം നൽകിയിട്ടുണ്ടെങ്കിൽ അത് അടിയന്തിരമായി പിൻവലിച്ച് സംഘാടകരോട് മറ്റൊരു വേദി കണ്ടെത്താൻ നിർദ്ദേശിക്കണമെന്നും, പ്രസ്തുത പരിപാടിയുടെ പേരിൽ ക്ഷേത്രത്തിനോ ക്ഷേത്ര സ്വത്തുക്കൾക്കോ ക്ഷേത്ര വിശ്വാസികൾക്കോ യാതൊരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അങ്ങയോട് ഇതിനാൽ താഴ്മയായി അപേക്ഷിക്കുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ക്ഷേത്ര മൈതാനിയിൽ വെച്ച് നിയമ വിരുദ്ധമായി പ്രസ്തുത പരിപാടി സംഘടിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അതിനെതിരെ ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിക്കാൻ ഞാൻ നിർബന്ധിതൻ ആവുമെന്നും, അങ്ങനെ സംഭവിക്കുന്ന പക്ഷം ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവിനെ അനാദരിക്കുകയും ലംഘിക്കുകയും ചെയ്തതിനു മറുപടി പറയാൻ താങ്കളും ബോർഡും ബാധ്യസ്ഥരായിരിക്കുമെന്നും കൂടി ഇതോടൊപ്പം അറിയിക്കുന്നു. വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ട് അടിയന്തിരമായി അങ്ങ് പ്രവർത്തിക്കുമെന്ന വിശ്വാസത്തോടെ.