കുട്ടികളിൽ പനിയും മുണ്ടിനീരും പടരുന്നതിനാൽ സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു. മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ കടയ്ക്കൽ ഗവ.യുപിഎസിൽ എൽകെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകി. കടയ്ക്കൽ താലൂക്ക് ആശുപ്രതിയിൽ ഇന്നലെ രാവിലെ 8 മുതൽ ഒന്ന് വരെ ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത് 718 പേരാണ് ഇതിൽ ഭൂരിഭാഗവും പനി ബാധിതരാണ്. കുട്ടികളാണ് കൂടുതലും ചുമ, വിറയൽ നടുവേദന,ഛർദി തുടങ്ങിയ ലക്ഷണങ്ങളുമായാണ് പനി ബാധിതർ എത്തുന്നത്.
പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുടിയതോടെ താലുക്ക് ആശുപത്രിയിൽ 24 മണിക്കൂറും തിരക്കാണ്. എന്നാൽ ഡോക്ടർമാരുടെ കുറവ് കാരണം പനി ക്ലിനിക് തുടങ്ങിയിട്ടില്ല.

17 ഡോക്ടർമാർ ഉണ്ടങ്കിലും ഒപിയിൽ പരിശോധിക്കാൻ എത്തുന്നത് അഞ്ചിൽ താഴെ പേർ മാത്രം. അത്യാഹിത വിഭാഗത്തിൽ ഒരാളുടെ സേവനം മാത്രം. ഹൗസ് സർജൻമാരുടെ സേവനവും ഇപ്പോൾ ഇല്ല. വർക്കിങ് അറേഞ്ച്മെന്റിൽ ജോലി ചെയ്തിരുന്ന ഫിസിഷ്യൻ സ്‌ഥലം മാറി പോയതിനു പകരം ആളെ നിയമിച്ചില്ല. കുട്ടികളുടെ വിഭാഗത്തിൽ ഒരു ഡോക്ടർ മാത്ര മാണ് ഉള്ളത്.