പാലക്കാട് ജില്ലയിൽ നിന്നുള്ള സിപിഐയുടെ ഏക എം എൽഎ മുഹമ്മദ് മുഹസിൻ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു.
രാജിക്കത്ത് പാർട്ടി സംസ്ഥാന സെന്ററിനും ജില്ലാ സെക്രട്ടറിക്കും മെയിൽ ചെയ്തു. ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നാളെ മെയിൽ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുഹസിൻ ഉൾപ്പെടെയുള്ള പട്ടാമ്പി മണ്ഡലത്തിലെ ജില്ലാ കമ്മിറ്റി അംഗങ്ങളെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു.
. ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് എംഎൽഎയുടെ മണ്ഡലമായ പട്ടാമ്പിയിലെ പാർട്ടി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകിയിരുന്നു. നാളെ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിലെ അംഗങ്ങളും രാജിവയ്ക്കുമെന്നാണ് ലഭ്യമായ വിവരം. രാജികത്ത് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പാർട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്. പാർട്ടിയിലെ വിഭാഗീയത ഒരു ഇടവേളയ്ക്കു ശേഷം മറനീക്കി പുറത്തു വരുകയാണ്.
സിപിഐ ജില്ലാ സമ്മേളനത്തിൽ രാവിലെ എട്ടു മണി വരെ നീണ്ട വോട്ടെടുപ്പിനെടുവിലാണ് കെ പി സുരേഷ് രാജ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

