കൊടുങ്ങല്ലൂരില്‍ വായ്പാ കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് യുവതി ജീവനമൊടുക്കി. യു ബസാര്‍ പാലമുറ്റം സ്വദേശിനി ഷിനി (34)യാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
ഇന്നലെ ഉച്ചയോടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാ കളക്ഷന്‍ ഏജന്റുമാര്‍ ഒന്നിച്ച് ഷിനിയുടെ വീട്ടില്‍ എത്തിയിരുന്നു. പലിശ എത്രയും വേഗം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ ഭീഷണി മുഴക്കി. ഇതോടെ ഷിനി സമ്മര്‍ദത്തിലാകുകയും കിടപ്പുമുറിയില്‍ കയറി കതക് അടയ്ക്കുകയും ചെയ്തു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഷിനിയെ പുറത്തുകാണാതായതോടെ കുടുംബാംഗങ്ങള്‍ തട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അയല്‍വാസികളെ വിവരം അറിയിക്കുകയും കതക് ചവിട്ടി തുറന്ന് അകത്തുകയറുകയും ചെയ്തു. ഈ സമയം തൂങ്ങിയ നിലയില്‍ ഷിനിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഷിനിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.