62 വർഷം പ്രായമുള്ള ഒരു ചരിത്ര നിർമ്മിതിയാണ് “മതിര പാലം “. 1960 ൽ പട്ടം താണുപിള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന PSP യുടെ പ്രതിനിധിയായി കോൺഗ്രസിനൊപ്പം ചേർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ കാലയളവിലാണ് 1961 ൽ കൊല്ലം – തിരുവനന്തപുരം ജില്ലകളുടെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് കടക്കൽ – കല്ലറ റോഡ് വികസിപ്പിക്കുന്നത്. രണ്ട് ജില്ലകളെയും ബന്ധിപ്പിക്കുന്ന ജില്ലാ അതിർത്തിയോട് ഏറ്റവും അടുത്ത് കിടക്കുന്ന പാലം എന്ന പ്രത്യേകതയും മതിര പാലത്തിനുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി ഇരു വശവും വീതി കൂട്ടിയപ്പോൾ താരതമ്യേന ഇടുങ്ങിയ മതിര പാലം പൊളിച്ച് പുനർ നിർമ്മിക്കണമെന്ന ആവശ്യവും വേണ്ടി വന്നു. മതിരയിലെ വലിയ തോട് കടന്നുപോകുന്ന ഈ പാലം വീതി കൂട്ടി പുനർനിർമ്മാണം നടത്താൻ 4 മാസമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷ. വരുന്ന 5 മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന 2024 ലെ മതിരയിലെ പ്രാദേശിക ഉത്സവമായ മതിര തിരുവാതിരക്ക് മുൻപായി പണി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. പുതിയ പാലം വരുന്നതോടെ മതിരക്കാർക്ക് നഷ്ടമാകുന്നത് 62 വർഷം പിന്നിട്ട, ആദ്യകാല ബസ് സർവ്വീസുകൾക്ക് വഴിയൊരുക്കിയ കേരളസംസ്ഥാനം രൂപീകരിച്ച് കേവലം 5 വർഷം പിന്നിട്ടപ്പോൾ പണിത ഒരു ചരിത്ര നിർമ്മിതിയാണ്. ചരിത്രമുറങ്ങുന്ന കടക്കൽ വിപ്ലവത്തിന്റെയും കല്ലറ – പാങ്ങോടിന്റെയും മണ്ണിലേക്ക് ഒരുപാട് തലമുറകളുടെ യാത്രാസ്വപ്നങ്ങൾക്ക് ഗതിവേഗമരുളിയ നവകേരളത്തോളം പഴക്കമുള്ള “മതിര പാലവും” ചരിത്രത്തിന് വഴിമാറുകയാണ്.
മതിര പാലം

Subscribe
Login
0 Comments
Oldest