മടത്തറ : നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ചതിന് മടത്തറ ഒഴുകുപറ സ്വദേശി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം ഏരിയാ കോഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ സ്വദേശി സമി ഖാൻ മൻസിലിൽ താമസിക്കുന്ന സെമിഖാൻ(21)നെയാണ് .കസ്റ്റഡിയിലെടുത്തത്. നീറ്റ് 2021-22 പരീക്ഷയിൽ വിജയിക്കാത്ത സെമിഖാൻ, താൻ ഉയർന്ന മാർക്കും റാങ്കും നേടിയെന്ന് വ്യാജരേഖ ചമച്ച് പഠനം തുടരാൻ ശ്രമിച്ചതിന് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
സെമിഖാൻ തന്നെ ഹൈക്കോടതിയിൽ നൽകിയ കേസിലൂടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. 468 മാർക്കുണ്ടെന്നും തുടർപഠനത്തിന് അഡ്മിഷൻ കിട്ടുന്നില്ലെന്നും കാണിച്ച് ഇയാൾ കേസ് കൊടുത്തിരുന്നു. കേസ് പരിഗണിച്ച ശേഷം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ കോടതി റൂറൽ എസ്പിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.
പൊലീസ് സൈബർ സെല്ലും ചിതറ പൊലീസും നടത്തിയ അന്വേഷണത്തിലാണ് മുൻ എസ്എഫ്ഐ നേതാവ് കൂടിയായ സെമിഖാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാന്റ് ചെയ്ത സെമിഖാനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.