ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ച് തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
അതേസമയം ഇന്ന് കേരളത്തില്‍ ഒരിടത്തും യെല്ലോ അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെങ്കിലും അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴയെ പ്രതീക്ഷിക്കണമെന്നാണ് പ്രവചനം. ഇന്നലെ ആറിടത്തായിരുന്നു യെല്ലോ അലര്‍ട്ട്. ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തെക്കന്‍ രാജസ്ഥാന്‍-വടക്കന്‍ ഗുജറാത്ത് മേഖലയിലേക്ക് നീങ്ങുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല. എങ്കിലും കര്‍ണാടക തീരം, വടക്കന്‍ തമിഴ്‌നാട് തീരം, അതിനോട് ചേര്‍ന്ന തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.