ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു.
ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കുവാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സന്നദ്ധരായവരെ കണ്ടെത്താനുമാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾ, യുവാക്കള്‍, സന്നദ്ധസേനാ വളണ്ടിയർമാര്‍, സാക്ഷരതാ പ്രേരക്മാര്‍, NSS, NCC, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാര്‍ എന്നിവരെയാണ് പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയില്‍ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നത്. സന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനാവും.
ജനകീയ പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് രജിസ്ട്രേഷൻ നടപടിയെന്ന് തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2024 ൽ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാകാൻ കേരളത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ഊർജിത ശ്രമങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
വളണ്ടിയർമാരാകാൻ പൊതുസമൂഹത്തിലെ പരമാവധി ആളുകൾ സജ്ജരാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.



