പാങ്ങോട്, കല്ലറ പഞ്ചായത്തുകളിലെ വയലുകളിലും തോടുകളിലും കക്കൂസ്മാലിന്യം ഒഴുക്കുന്ന സംഘം സജീവം. മഴ ശക്തമായി തോടുകളിൽ ഒഴുക്കുണ്ടായതോടെയാണ് പ്രദേശത്ത് കക്കൂസ്‌മാലിന്യം ഒഴുക്കാൻ തുടങ്ങിയത്. സംഭവം തുടരുന്നതോടെ ആളുകൾ പകർച്ചവ്യാധി ഭീതിയിലാണ്. മരുതമണിൽനിന്നും പാങ്ങോട് പഴവിളയിലേക്ക് പോകുന്ന തോടിനോടുചേർന്നുള്ള വയലിൽ കഴിഞ്ഞ ദിവസം രാത്രി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ്‌മാലിന്യം ഒഴുക്കി. പുലർച്ചെ അസഹ്യമായ ദുർഗന്ധമുണ്ടായതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തൊട്ടടുത്ത ദിവസം വയലിലെ പുല്ലുൾപ്പെടെ സകല ചെടികളും കരിഞ്ഞ് അഴുകാൻ തുടങ്ങി. വീര്യംകൂടിയ രാസപദാർഥം കലർത്തിയാണ് കക്കൂസ്മാലിന്യം വയലിലേക്ക് ഒഴുക്കിയതെന്ന് നാട്ടുകാർ പറയുന്നു. മരുതമൺ തോട്ടിലും കഴിഞ്ഞദിവസം മാലിന്യം ഒഴുക്കിവിട്ടിരുന്നു. ധാരാളമാളുകൾ തോട്ടിൽ തുണിയലക്കുകയും കുളിക്കുകയും ചെയ്യാറുണ്ട്. ഇവരെല്ലാം ഇപ്പോൾ പകർച്ചവ്യാധി ഭീഷണിയിലാണ്. വീടുകളിൽനിന്ന് സംഭരിക്കുന്ന മാലിന്യം രാസവസ്‌തുക്കൾ കലർത്തി രാത്രി കാലങ്ങളിൽ ആളൊഴിഞ്ഞ ഇടങ്ങളിൽ കൊണ്ടുതള്ളുന്ന സംഘമാണ് ഇതിനുപിന്നിൽ. ഇത്തരക്കാരെ കണ്ടെത്തി കർശനമായ നിയമനടപടികൾക്ക് വിധേയമാക്കണമെന്നാണ് ആവശ്യം.
കല്ലറയിലെ വയലുകളിലും തോടുകളിലും ;കക്കൂസ് മാലിന്യമൊഴുക്കുന്നു
Subscribe
Login
0 Comments
Oldest