മുംബൈ: ഗ്ലോബല്‍ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023ല്‍ പുരസ്കാരങ്ങള്‍ നേടി കേരളത്തിന്‍റെ സ്വന്തം കൊച്ചി വാട്ടര്‍ മെട്രോ.
രണ്ട് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 മുതല്‍19 വരെ മുംബൈയില്‍ വച്ച് നടന്ന ഗ്ലോബല്‍ മാരിടൈം ഇന്ത്യ സമ്മിറ്റില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ തിളക്കമുള്ള നേട്ടം. അന്താരാഷ്ട്ര മാരിടൈം ഏജൻസികളുടെ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ രണ്ട് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഫെറി സര്‍വ്വീസുകളിലെ മികവിനും ഉള്‍നാടൻ ജലപാതകളെ ബന്ധപ്പിച്ചുള്ള നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്ന ടെര്‍മിനലുകള്‍ ഒരുക്കിയതിനുമുള്ള അവാര്‍ഡുകളാണ് കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, ശ്രീപദ് നായിക് എന്നിവരില്‍ നിന്ന് കൊച്ചി വാട്ടര്‍ മെട്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ. സാജൻ പി ജോണ്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
സര്‍വ്വീസ് ആരംഭിച്ച് ആറ് മാസത്തിനകം 10 ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. അന്താരാഷ്ട്ര തലത്തിലെ മാരിടൈം മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത മൂന്ന് ദിവസം നീണ്ട് നിന്ന ഉച്ചകോടി വഴി രാജ്യത്തെ മാരിടൈം മേഖലക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. മാരിടൈം മേഖലയില്‍ 8.35ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഉറപ്പ് ലഭിച്ചത്. 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
അതേസമയം, വളരെ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന അഭിമാന നേട്ടം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഗതാഗത മേഖലയില്‍ കേരളം ലോകത്തിന് മുന്നില്‍ വച്ച അഭിമാന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. 2016ല്‍ നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും യാഥാര്‍ത്ഥ്യമായപ്പോള്‍ 2023 ആയി. ആദ്യ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തിയത്. കഴിഞ്ഞ മാസം പത്താമത്തെ ബോട്ടും കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി.