കഴിഞ്ഞദിവസം കടയ്ക്കൽ ചാണപ്പാറയിൽ സൈനികനെ ആക്രമിച്ച് പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയ സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവന്നിരിക്കുകയാണ്. സൈനികനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമാണ് ഈ ആക്രമണം എന്ന് ബോധ്യപ്പെട്ട് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഭവം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ബിജെപിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി ബിജെപി നേതാക്കൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്വേഷം പടർത്തുകയായിരുന്നു. സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ മതത്തിൻറെ പേരിൽ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി ഗൂഢാലോചന ഇതിനുപിന്നിൽ പ്രവർത്തിച്ചു എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.
ഈ സംഭവത്തിന് പിന്നാലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എഐവൈഎഫ് കൊല്ലം ജില്ലാ പ്രസിഡൻറ് റ്റി. എസ് നിതീഷ് സെക്രട്ടറി എസ്. വിനോദ് കുമാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.