കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ 10 ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുൺ കുമാർ, പ്രവർത്തകരായ ശരത്, വിശാഖ്, അമൃത്, അമൽ, അഭിമന്യു, ശ്രീകാന്ത് എന്നിവരും കണ്ടാലറിയാവുന്ന 3 പേരുമാണു പ്രതികൾ. കഴിഞ്ഞ ദിവസം വൈകിട്ട് കടയ്ക്കൽ ജംക്‌ഷനിൽ കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരായ ശ്യാം, അതുൽ എന്നിവരെ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ സംഘം ആക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ
എഐവൈഎഫ് പ്രവർത്തകർ ഗതാഗതം തടഞ്ഞു. സംഘർഷാവസ്‌ഥയെ തുടർന്നു കൂടുതൽ പൊലീസെത്തി. എഐവൈഎഫ് സിപിഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ.ഡാനിയേൽ എന്നിവർ സ്ഥലത്തെത്തി. പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്ന് സിപിഐ നേതാക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് സ്‌റ്റേഷൻ മാർച്ചും നാളെ കടയ്ക്കലിൽ പ്രതിഷേധ യോഗവും നടത്താൻ സിപിഐ തീരുമാനിച്ചു.
മൂന്നു ദിവസം മുൻപ് കടയ്ക്കൽ കോട്ടപ്പുറത്ത് പിഎംഎസ്എ കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് എസ്എഫ്ഐ സംഘട്ടനം നടന്നു. സ്‌ഥലത്തെത്തിയ പൊലീസ് ലാത്തി ചാർജ് നടത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചു വിട്ടത്.

ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ചില അംഗങ്ങളും എഐവൈഎഫ് പ്രവർത്തകരുമായി വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കടയ്ക്കൽ ജംക്ഷനിൽ എഐവൈഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം. കോളജിന് മുന്നിൽ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് സിപിഎം സിപിഐ ഏരിയ നേതാക്കൾ ഇടപെട്ട് ചർച്ച ചെയ്യാൻ തീരുമാനിച്ചെങ്കിലും പിന്നീട് സിപിഎം നേതാക്കൾ ഇടപെട്ട് മാറ്റി വച്ചതായി സിപിഐ നേതാക്കൾ പറഞ്ഞു.ചർച്ച മാറ്റി വച്ചതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നും അവർ ആരോപിച്ചു.


