ആറ്റിങ്ങലിൽ യുവാക്കൾ കടയിൽ കയറി പണം പിടിച്ചുപറിച്ചു. ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് രാത്രി 9 മണി കഴിഞ്ഞ് ആറ്റിങ്ങൽ ഐടിഐയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോ മാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം.
കടയിലെ ജീവനക്കാരൻ ആറ്റിങ്ങൽ സ്വദേശി നിതിൻ (21) കളക്ഷൻ തുകയായ 5000 ത്തോളം രൂപയുമായി കടയുടെ മുന്നിൽ നിൽക്കുമ്പോൾ രണ്ട് യുവാക്കൾ വന്ന് ഉടമയെ തിരക്കുകയും കയ്യിൽ ഇരുന്ന പണം പിടിച്ചു പറിച്ച ശേഷം നിതിനെ അടിച്ചിടുകയും ശേഷം യുവാക്കളിൽ ഒരാൾ അരയിൽ നിന്ന് വെട്ടുകത്തി എടുത്ത് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് നിതിൻ പറയുന്നു.
നിതിൻറെ വിളി കേട്ട് ഉടമ ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി സുജിത്(42) ഓടി എത്തിയപ്പോൾ യുവാക്കൾ വെട്ടുകത്തി കഴുത്തിനു നേരെ വീശുകയും ഒഴിഞ്ഞു മാറാൻ ശ്രമിക്കവേ സുജിത്തിന്റെ കൈയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ യുവാക്കൾ വെട്ടുകത്തി വീശി നാട്ടുകാരെ ഭീതിയിലാക്കി ഓടി രക്ഷപെട്ടുവെന്ന് നിതിൻ പറഞ്ഞു.
പരിക്കേറ്റ സുജിത്തിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ ശാസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. 9 അര മണിയോടെ കട അടയ്ക്കാൻ തയ്യാറെടുക്കവേയാണ് ഈ സംഭവങ്ങൾ നടന്നത്.