AI(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അമിതമായി ചലച്ചിത്രമേഖലയിൽ ഇടപെട്ടു തുടങ്ങിയിരിക്കുന്നു എന്ന ആരോപണമുയർത്തി തിരക്കഥാകൃത്തുക്കൾ തുടങ്ങി വെച്ച സമരത്തിൽ ഇപ്പോൾ അഭിനേതാക്കളും പങ്കു ചേർന്ന സ്ഥിതിക്ക് ഹോളിവുഡ് സ്തംഭിക്കും എന്ന കാര്യം ഉറപ്പാണ്.
തിരക്കഥാരൂപീകരണത്തിൽ AI യുടെ സ്വാധീനം വർധിക്കുമ്പോൾ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക തിരക്കഥാകൃത്തുക്കൾക്ക് ഉണ്ടാകുമ്പോൾ അഭിനേതാക്കളുടെ ആശങ്ക തങ്ങളുടെ രൂപവും ശബ്ദവും AI യിലൂടെ കൃത്രിമമായി സൃഷ്ടിക്കപ്പെടുമോ എന്നതും, AI വഴി കൃത്രിമമായി തന്നെ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ള പുതിയ അഭിനേതാക്കളുടെ കടന്നുവരവിനെ പറ്റി ചിന്തിച്ചുമാണ്. ആദ്യത്തെ സാധ്യതയിൽ ബന്ധപ്പെട്ട അഭിനേതാക്കളുമായി കരാറുകൾ സ്ഥാപിച്ചെങ്കിലും അവരുടെ വരുമാനം നിലനിർത്താനാകും എന്നുള്ളപ്പോൾ രണ്ടാമത്തെ സാഹചര്യമുണ്ടായാൽ ഒരുപാട് പേർക്ക് പൂർണമായ തൊഴിൽ നഷ്ടമുണ്ടാകും.
മജ്ജയും മാംസവുമുള്ള യഥാർത്ഥ അഭിനേതാക്കളുടെ സാന്നിധ്യം ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയുടെ ജൈവികതയെ നശിപ്പിക്കുമെന്നൊക്കെ വേണമെങ്കിൽ വാദിക്കാമെങ്കിലും കാലം മാറുമ്പോൾ അത്തരം കാഴ്ചപ്പാടുകൾക്കൊന്നും യാതൊരു പ്രസക്തിയുമില്ലാതാകും.
പ്രേക്ഷകരെ ആകർഷിക്കാനായാൽ യഥാർത്ഥ ജീവിതത്തിൽ നിലനിൽപ്പില്ലാത്ത ഭാവിയിലെ AI താരങ്ങൾക്കും ആരാധകരുണ്ടാകും. AI യുടെ സ്വാധീനം പ്രത്യക്ഷത്തിൽ ആരോപിക്കാനാകാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട ടോം ആൻഡ് ജെറി പോലുള്ള കാർട്ടൂണുകൾ തന്നെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ടോം എന്ന പൂച്ചയും ജെറി എന്ന മൂഷികനും പൂർണമായും സാങ്കല്പികകഥാപാത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ലോകമെമ്പാടുമുള്ള ആബാലവൃദ്ധം ജനങ്ങൾ ആ കാർട്ടൂണിനെയും കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടതും ഇപ്പോഴും ഇഷ്ടപ്പെടുന്നതും.
തിരക്കഥയിലും അഭിനയത്തിലും മാത്രമല്ല, ക്യാമറ, സംവിധാനം ഉൾപ്പടെ സിനിമയിലുള്ള സകലതും AI എന്ന അതീന്ദ്രീയശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന ഒരു കാലം ഉണ്ടാകുമെന്നത് തീർച്ചയാണ്.
സിനിമ എന്നതേ ഒരു മായാലോകമാണ്. കൃത്രിമമായ ഒരു ലോകത്തെയും കുറെ ജീവിതങ്ങളെയും രണ്ടോ മൂന്നോ മണിക്കൂറുകൾ സാങ്കേതികവിദ്യയുടെ സഹായത്താൽ നമ്മുടെ മുന്നിലെത്തിക്കുന്ന കൺകെട്ട്. ഭാവിയിൽ ആ കൺകെട്ട് നിയന്ത്രിക്കപ്പെടുന്നതും കൃത്രിമമായ ഒരു സാങ്കേതികവിദ്യയുടെ സഹായം കൊണ്ടാകുമ്പോൾ ഉയർന്നു വരുന്ന ധാർമികപ്രശ്നങ്ങൾ നിരവധിയാണ്.
സിനിമ എന്ന വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഭാവിയാണ് ചോദ്യചിഹ്നമാകാൻ പോകുന്നത്. ഇപ്പോൾ തന്നെ OTT പ്ലാറ്റ്ഫോമുകളുടെ അതിപ്രസരം തിയേറ്റർ വ്യവസായത്തിന് നൽകുന്ന ആഘാതം ചെറുതല്ല. സാങ്കേതികവിദ്യയും ഡിജിറ്റൽ ലോകവും വരുത്തിയ ഒരു മാറ്റമാണത്.
എന്താണ് ഇതിനൊക്കെ ഒരു പരിഹാരം?
ഒരു പരിഹാരവുമില്ല എന്നതാണ് ഉത്തരം. അടുത്തിടെ 600 കോടി ചിലവിൽ ഇറങ്ങി തിയേറ്ററുകളിൽ ദുരന്തമായി മാറിയ ആദിപുരുഷ് എന്ന ചിത്രത്തിലെ പ്രധാനനടനു മാത്രം നൽകേണ്ടി വന്നത് 120 കോടിയോളം രൂപയാണ്. ചിത്രം ബോക്സ് ഓഫീസിൽ കൂപ്പു കുത്തുകയും ചെയ്തു. മറ്റു താരങ്ങളുടെ പ്രതിഫലം വേറെയും. എന്തായാലും പയ്യെ പയ്യെ നിർമാതാക്കൾ ചിലവു കുറയ്ക്കലിനെ പറ്റി ആലോചിക്കുമ്പോൾ ഏറിയും കുറഞ്ഞും എല്ലാ മേഖലകളിലും AI യുടെ സ്വാധീനം വർധിക്കുകയും ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ചത് പോലെ അതിശയോക്തികളെ പോലും വെല്ലുന്ന തരത്തിലുള്ള പൂർണ AI ചിത്രങ്ങൾ പുറത്തിറങ്ങുകയും ചെയ്യുന്ന ഒരു കാലമുണ്ടാകുകയും ചെയ്യും.
കമ്പ്യൂട്ടറുകൾ വ്യാപകമായി തുടങ്ങിയപ്പോൾ അതിനെതിരെ രാഷ്ട്രീയക്കാർ സമരം ചെയ്തതിനെ ഇപ്പോഴും പരിഹരിക്കുന്ന വരേണ്യ ബുദ്ധിജീവിവർഗ്ഗങ്ങൾക്ക് അന്നാ സമരം എന്തിനു വേണ്ടിയായിരുന്നു എന്ന് വരും കാലം പൂർണമായി മനസിലാക്കി തരും.
സിനിമയിലെന്നല്ല, എല്ലാ മേഖകളിലും ഇപ്പോൾ തന്നെ കമ്പ്യൂട്ടറുകൾ മൂലം സാധാരണ തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടം ചെറുതല്ല. AI കൂടി പ്രചാരം നേടുന്നതോടെ ഈ തൊഴിൽ നഷ്ടത്തിന്റെ വ്യാപ്തി ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും.
മോഹൻലാലിനെക്കാൾ നന്നായി അഭിനയിക്കുന്ന, ടോം ക്രൂയിസിനെക്കാൾ നന്നായി ആക്ഷൻ ചെയ്യുന്ന, തമന്നയെക്കാൾ നന്നായി ത്രസിപ്പിക്കുന്ന AI താരങ്ങൾക്കായി മൾട്ടിപ്ലെക്സുകളിലും ഹോം തിയേറ്ററുകളിലും ഭാവിയിൽ മുഴങ്ങുന്ന കരഘോഷങ്ങൾ ചെവി കൂർപ്പിച്ചാൽ നമുക്ക് ഇപ്പോഴേ കേൾക്കാൻ കഴിയും.
(നമ്മുടെ പ്രദേശത്തെ പ്രമുഖ ചലച്ചിത്ര നിരീക്ഷകൻ കൂടിയാണ് ലേഖകൻ)

