സെപ്റ്റിക് ടാങ്കിന്റെ മൂടിയുടെ മുകളിൽനിന്ന് പശുവിനെ കുളിപ്പിക്കുമ്പോൾ മൂടി തകർന്നുവീണ് ഗൃഹനാഥൻ മരിച്ചു. കുഴിയിൽവീണ പശുവും ചത്തു. കട്ടച്ചൽക്കുഴി തിരുഹൃദയ സദനത്തിൽ സെബാസ്റ്റ്യൻ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30-ഓടുകൂടിയാണ് അപകടം നടന്നത്. സ്ഥിരമായി സെബാസ്റ്റ്യനും മകനും ചേർന്നാണ് പശുവിനെ കുളിപ്പിക്കുന്നത്.
സെബാസ്റ്റ്യൻ പശുവിനെ കുളിപ്പിക്കാൻ തുടങ്ങവേ മൂടിയുടെ സമീപത്തെ മണ്ണിളകിയതിനെ തുടർന്ന് സെബാസ്റ്റ്യനും പശുവും കുഴിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ മൂടിയിളകി സെബാസ്റ്റ്യന്റെ നെഞ്ചിൽ പതിക്കുകയായിരുന്നു.
ഉടൻ നാട്ടുകാരും, അഗ്നിരക്ഷസേനാ പ്രവർത്തകരും ചേർന്ന് സെബാസ്റ്റ്യനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനകൾക്കുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഷീബയാണ് ഭാര്യ. മക്കൾ: ഷിജി, ഷിജു. മരുമകൻ: പ്രവീൺ. ബാലരാമപുരം പോലീസ് കേസെടുത്തു.
ന്യൂസ് ചുവട് ബാലരാമപുരം
