സംസ്ഥാനത്തെ സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണപരിധിയിൽ ഇല്ലാത്ത വിവരങ്ങൾ നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നാരോപിച്ച് സഹകരണ രജിസ്‌ട്രാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇഡിയെ കോടതി വിമർശിച്ചത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ചോദിക്കാൻ ഇഡിക്ക് എന്ത് അധികാരമാണുള്ളതെന്ന് കോടതി ആരാഞ്ഞു. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് ചോദിക്കാനും ഇഡിക്ക് എന്തധികാരമാണുള്ളത്. ഇത്തരമൊരു നടപടി പൗരന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
സഹകരണ രജിസ്‌ട്രാർക്ക് ഇഡി നൽകിയ സമൻസിൽ വ്യക്തതയില്ലെന്നും ആവശ്യമെങ്കിൽ പുതിയത് അയക്കൂവെന്നും കോടതി ഇഡിയോട് നിർദേശിച്ചു. നടപടിക്രമങ്ങൾ പാലിച്ചു നിയമാനുസൃതം മാത്രമേ നോട്ടീസ് അയക്കാവൂ എന്ന് കോടതി വ്യക്തമാക്കി. നിയമാനുസൃതം മാത്രമേ നോട്ടീസ് അയക്കുവെന്ന് എഎസ്‌ജി കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.
സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് സഹകരണ രജിസ്‌ട്രാർക്ക് ഇഡി നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്നും ഇഡി നടപടി അധികാര പരിധിയുടെ ലംഘനമെന്നും ചൂണ്ടിക്കാണിച്ചാണ് സഹകരണവകുപ്പ് ഹർജി നൽകിയിട്ടുള്ളത്. സഹകരണ രജിസ്ട്രാർക്ക് കീഴിലുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഉദ്യോഗസ്ഥർക്കും സമാനരീതിയിൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഈ നോട്ടീസിൽ വ്യക്തതയില്ലെന്ന് എജി കോടതിയിൽ വ്യക്തമാക്കി.
വ്യക്തിപരമായ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നതെന്നും സഹകരണ മേഖലയിൽ സമഗ്ര അന്വേഷണം നടത്താൻ ഇ ഡി യ്ക്ക് അധികാരമില്ലെന്നും എ ജി വാദിച്ചു.