തമിഴ് നാടിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ വൈവിധ്യങ്ങളുണ്ട് . രാഷ്ട്രീയ പരമായി നോക്കിയാൽ ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയത്തിനാണ് അവിടെ മേൽകൈ.
എന്നാൽ സമൂഹത്തിൽ ജാതി ചിന്തയും സവർണ്ണാധിപത്യവും പലയിടത്തും നിലനിൽക്കുന്നുണ്ട്.
ജാതി കൊലപാതകങ്ങളും, ജാതി വിരുദ്ധ ചെറുത്ത് നിൽപ്പുകളും തമിഴ് നാട്ടിൽ ഇപ്പോഴും സ്വാഭാവികത എന്നോണം നടക്കുന്നു.
കഴിഞ്ഞ കുറച്ചു കാലമായി തമിഴ് നാട്ടിലെ സാംസ്‌കാരിക രംഗം വലിയ രീതിയിൽ ജാതി ആധിപത്യത്തിന് എതിരായ ചെറുത്ത് നിൽപ്പിലാണ്.
സൗന്ദര്യ ശാസ്ത്ര പരമായും ഉള്ളടക്കത്തിൽ നീതി ബോധത്തിന്റെ അടിസ്ഥാനത്തിലായാലും ശക്തമായ സിനിമകൾ അവിടെ സംഭവിക്കുന്നുണ്ട്.
ഇങ്ങനെ തുടർച്ചയായി ജാതി വിരുദ്ധ സിനിമകളിലൂടെ അടിച്ചമർത്തപ്പെട്ടവർ പാർശ്വവൽകൃത കളം പിടിക്കുമ്പോൾ ജാതി ശക്തികൾ എന്ത് ചെയ്യാനാണ്.
അവർ ചെയ്യുന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നമ്മൾ കാണുന്നത്.
മാമനൻ എന്ന സിനിമ OTT – യിൽ റിലീസ് ചെയ്തതിന് ശേഷം അതിലെ വില്ലൻ സ്വഭാവമുള്ള കഥാപാത്രം ഫഹദിനെ വാഴ്ത്തുക.
വാഴ്ത്തുക എന്നുവച്ചാൽ അസാധാരണമായ അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ വടിവേലുവിന്റെ കഥാപാത്രത്തെ ഇകഴ്ത്താൻ പറ്റുന്നതത്രയും ചെയ്യുക. അതാണിപ്പോൾ നടക്കുന്നത്.
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ നടക്കുന്നത്.
തമിഴ് നാട്ടിലെ പല സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ഭാഗമായി സാംസ്‌കാരിക ഇടപെടലുകളുടെയും ഭാഗമായി ദളിതരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ, അവർ തങ്ങൾക്കുമുന്നിൽ കാലുമടക്കി വീമ്പുകാട്ടി ഇരിക്കുന്നവരുടെ വിവേകം ഇല്ലായ്മയെ ചോദ്യം ചെയ്യുമ്പോൾ, സവർണ്ണ നെഞ്ചമൊന്ന് ചെറുതായി ഇടിക്കാറുണ്ട്. അധികാരം പിടിച്ചു നിർത്താനും ദളിത് മക്കളെ എന്നും കാൽ ചുവട്ടിൽ നിർത്താനും വേണ്ടി പയറ്റി കൊണ്ടേ ഇരിക്കുന്ന ആന്തരിക ബാഹ്യ ഇടപെടലുകൾ ചെറുതൊന്നുമല്ല. ഒരുതരത്തിൽ അധികാരം പിടിച്ചു നിർത്താനായി കാലങ്ങളായുള്ള പണിപ്പെടലുകളുടെ ബാക്കി പത്രം തന്നെയാണ് സവർണ്ണന്റെ കാൽച്ചുവട്ടിൽ ഇന്നും അവശേഷിക്കുന്ന അൽപ്പം മണ്ണ്.
ആ മണ്ണ് ഒലിച്ചു പോയാൽ തീരാവുന്നതേയുള്ളൂ ഇവരുടെ നിലനിൽപ്പ് . ഈ ആശങ്കയിലാണ് മണ്ണെന്ന് വിളിച്ചുകൊണ്ട് മാമന്നനെ അടിമയാക്കി തന്നെ വച്ച് പോന്നത്.
മാരി സെൽവരാജന്റെ സിനിമകൾ തമിഴ് ജാതിവെറിയെ അടയാളപ്പെടുത്തികൊണ്ടേ ഇരുന്നപ്പോൾ ദുർബലമായിപ്പോയത് വമ്പന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കൂട്ടർ തന്നെയാണ്.
യഥാർത്ഥ ജാതി വെറി തിരിച്ചറിഞ്ഞു ജനം ഇവർക്കുന്നേരെ വാക്കാൽ അമ്പെയ്യാൻ തുടങ്ങിയാൽ പിടിച്ചുനിൽക്കാൻ സാധ്യമല്ലെന്ന് അൽപ്പ ബുദ്ധികളെങ്കിലും ഇവർക്ക് തോന്നിയിട്ടുണ്ടാകണം.
അതിന്റെ ഫലമായാണ് ഫഹദെന്ന നടന്റെ അസാമാന്യ പ്രകടനത്തിൽ ഗംഭീരമായ രത്‌നവേലിനെ ഫഹദ് ആരാധകർ കൊണ്ടാടിയപ്പോൾ, കൂടെ ഒരു പുകമറ പോലെ കയറി കൂടി തേവർഗൗണ്ടർ ക്യാമ്പയിൻ ആരംഭിച്ചത്.
പടച്ചുവിടുന്ന വിഡിയോകൾക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അജണ്ട മനസിലാക്കാതെ ആരാധകരായ പാവം സിനിമ ആസ്വാദകർ ട്വിറ്റെർ ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ഫഹദിനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ജാതി വെറിയുടെ വീഡിയോകൾ പങ്കുവച്ചുകൊണ്ട് ഇരിക്കുകയാണ്. Let’s confuse മാരി സെൽവരാജ് എന്ന തലക്കെട്ടിന് റിവേഴ്‌സ് പൊളിറ്റിക്സ് എന്നെഴുതി പങ്ക് വക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിഡിയോകൾ കാണുമ്പോൾ മാരി മാമന്നനിലൂടെ പറയാനുദ്ദേശിച്ച രാഷ്ട്രീയ നിലപാടിനെ തലകീഴായി മറിക്കുകയാണോ രത്നവേലിന്റെ ഹീറോയിസം എന്ന് തോന്നിപ്പോകുന്നുണ്ട്,.
മാത്രമല്ല അധികാര ജാതികളെ സ്തുതിക്കുന്ന പാട്ടുകൾ ബാഗ്രൗണ്ട് മ്യൂസിക്കായി തിരുകി കയറ്റി രത്നവേലെന്ന കഥാപാത്രത്തെ തേവരെന്നും ഗൗണ്ടറെന്നും അടയാളപ്പെടുത്തുക കൂടി ചെയ്യുകയാണ്.
വളർത്തുനായയെ തലയ്ക്കടിച്ചു കൊല്ലുന്ന, അധികാരത്തിനായി ആരുടെയും കാല് നക്കാൻ പോലും മടിക്കാത്ത ടോക്സിക് വില്ലൻ രത്നവേലിനെ പ്രണയിക്കാൻ പറയുന്ന മാസ്സ് വീഡിയോകളുടെ ജാതി വെരിയെന്ന അഴുക്കിനെ കൂടി നമ്മൾ തിരിച്ചറിയണം.

