സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തുടർച്ചയായ അഞ്ച് ദിവസം മഴ തുടരുന്നതാണ്. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ഇനി ആര് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതാണ്.
തെക്ക്-കിഴക്കൻ മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മധ്യ-വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുക. കൂടാതെ, ഉയർന്ന തിരമാലയും കടലാക്രമണവും നിലനിൽക്കുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെങ്കിലും, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.