സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുകയാണ്. അന്തരീക്ഷ താപനില വർധിക്കുന്നതോടെ വാഹനങ്ങൾക്ക് തീപിടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരമൊരു നിസ്സഹായ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികളാണ് എംവിഡി പങ്കുവെച്ചിരിക്കുന്നത്.
വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും. വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ, അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാം..
ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബൾബുകളും തുടങ്ങി നിർത്തിയിടുന്ന പാർക്കിംഗ് സ്ഥലങ്ങൾ വരെ അഗ്നിബാധയ്ക്ക് കാരണമായേക്കാം. അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യം.