കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി കോടികൾ അനുവദിച്ച് സർക്കാർ. പ്രതിമാസ ധനസഹായമായി 30 കോടി രൂപയാണ് ഇത്തവണ സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതോടെ, സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്. സർക്കാർ ധനസഹായം നാളെയോടെ കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ജീവനക്കാർക്കുള്ള ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാൻ 38.5 കോടി രൂപയാണ് ആവശ്യം. ഇതിൽ 8.5 കോടി രൂപ കെഎസ്ആർടിസി സമാഹരിക്കുന്നതാണ്. മുൻ മാസങ്ങളിൽ ശമ്പളം കൊടുക്കാൻ എടുത്ത 50 കോടി രൂപയുടെ ബാങ്ക് ഓവർ ഡ്രാഫ്റ്റിൽ 3 കോടി രൂപ ഇതിനോടകം തിരിച്ചടച്ചിട്ടുണ്ട്. ഇവ പിൻവലിച്ചതിനുശേഷമാണ് ശമ്പളം നൽകാൻ സാധ്യത. ഈ മാസം അഞ്ചാം തീയതിക്കുള്ളിൽ തന്നെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് മാനേജ്മെന്റ്.
സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാർക്കുള്ള ശമ്പളം രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്.