മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിൾ പേ. വർഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്‌ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്ക്രീൻഷോട്ടിൽ മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയിൽ നിന്നുള്ള 749 പ്രീപെയ്ഡ് റീചാർജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കൺവീനിയൻസ് ഫീസ് ജിഎസ്‌ടി ഉൾപ്പെടെയുള്ളതാണെന്ന് സ്ക്രീൻഷോട്ടിൽ വ്യക്തമാണ്.
കൺവീനിയൻസ് ഫീസിൻ്റെ കൂടുതൽ വിശദാംശങ്ങൾ ടിപ്സ്റ്റർ മുകുൾ ശർമ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയിൽ താഴെ വിലയുള്ള മൊബൈൽ റീചാർജ് പ്ലാനുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. 200 മുതൽ രൂപ വരെ 300 രൂപ വരെയുള്ള റീചാർജിന് രണ്ടു രൂപ ഈടാക്കും. അതിൽ കൂടുതലുള്ളതിന് മൂന്ന് രൂപയാണ് ഈടാക്കുന്നതെന്ന് മുകുൾ ശർമ്മ പറഞ്ഞു.
ഈ മാസമാദ്യം ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്‌തതായി മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തിൽ ഫീസ് നിശ്ചയിച്ചേക്കാമെന്നും പുതുക്കിയ സേവന നിബന്ധനകൾ പറയുന്നുണ്ട്. ഓപ്പറേറ്ററുടെ വെബ്സൈറ്റ് വഴി റീചാർജ് പ്ലാനുകൾ വാങ്ങുന്നത് കൺവീനിയൻസ് ഫീസ് ഒഴിവാക്കാനുള്ള ഏക മാർഗമാണെന്ന സൂചനയുണ്ട്. ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിൾ പേയല്ല. പേടിഎം, ഫോൺപേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു



