കാർഷിക പുരോഗതിക്ക് കർഷക ഉത്പാദക കമ്പനികൾ: എൻ.കെ.പ്രേമചന്ദ്രൻ
കടയ്ക്കൽ: രാജ്യത്തിന്റെ സമഗ്രമായ കാർഷിക പുരോഗതിയെ ലക്ഷ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ പതിനായിരം കർഷക ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചിതറ സി.കേശവൻ ഗ്രന്ഥശാലയുമായി സഹകരിച്ച് നടത്തുന്ന ‘അഗ്രി ഫെസ്റ്റ് 2025’ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാർഷിക മേഖല നേരിടുന്ന ഏറ്റവും പ്രധാപ്പെട്ട പ്രശ്നനങ്ങളിലൊന്ന് കർഷകന് കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നില്ലയെന്നത് ഇതിനു പരിഹാരം കാണുകയെന്നതാണ് കർഷക് ഉത്പാദക കമ്പനികളുടെ പ്രധാനപ്പെട്ട ലക്ഷ്യം. കാർഷിക ഉത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിച്ച് രാജ്യത്തിനകത്തും പുറത്തും ബിസിനസ് ചെയ്യുക വഴി മാത്രമേ കർഷകന്റെ ഉത്പ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിലേക്കെത്തിച്ചേരുവാൻ കർഷക ഉത്പാദക കമ്പനികൾക്ക് സാധിക്കേണ്ടതാണ്. മൃഗ സംരക്ഷണ ക്ഷീര കർഷക മേഖലകളിൽ ഇന്ന് ധാരാളം സംരംഭകർ കടന്നുവരുന്നുണ്ട്. ഈ സംരംഭങ്ങളെ വിജയകരമായി മാറ്റുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൂർണ്ണ പിന്തുണ ലഭിക്കേണ്ടതുണ്ട്. അഗ്രി ഫെസ്റ്റിനോടനുബന്ധിച്ച് സർക്കാർ ഫാമുകളും ഇതര സർക്കാർ ഏജൻസികളും കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി, കുടുംബശ്രീ, കുരിയോട്ടുമല സർക്കാർ ഹൈടെക് ഡയറിഫാം, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വെറ്ററിനറി&അനിമൽ സയൻസ് സർവ്വകലാശാല എന്നീ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന വിപുലമായ കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് നിർവ്വഹിച്ചു. പ്രശസ്ത കാർഷിക ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം പ്രശസ്ത വനം വന്യജീവി ഫോട്ടോഗ്രാഫർ സാലി പാലോട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മടത്തറ അനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ അഡ്വ.ആർ.രാജേന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ടർ ഡോ.എംസി റെജിൻഐ.എ.എസ്, കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്‌ടർ ഡോ.ആർ.രാജീവ്, കേരളം ഫീഡ്സ് മാനേജിംഗ് ഡയറക്‌ടർ എൻ.ജി ഷിബു , മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ സലിൽക്കുട്ടി, കെപ്കോ മാനേജിംഗ് ഡയറക്‌ടർ ഡോ.പി.സെൽവകുമാർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് സി.ഇ.ഒ ജി.ജി.സി.കൃഷ്ണൻ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡി.ഷൈൻകുമാർ, ജനപ്രതിനിധികളായ എം.എസ്.മുരളി, ചിതറ എസ്.മുരളി, അൻസാർ തലവറമ്പിൽ, കവിത വളവുപച്ച സന്തോഷ്, സി.കേശവൻ ഗ്രന്ഥശാല സെക്രട്ടറി സി.പി ജസിൻ, ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്‌ടർമാരായ കെ.ഓമനക്കുട്ടൻ, എസ് .ജയപ്രകാശ് എം.ഗോപാലകൃഷ്ണപിള്ള, സത്യമംഗലം സുരേഷ് ഷാനവാസ് കൊല്ലായിൽ തുടങ്ങിയവർ പങ്കെടുത്തു. ഉദ്‌ഘാടന സമ്മേളനത്തെത്തുടർന്ന് മൃഗസംരക്ഷണ മേഖലയിലെ സംരംഭ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ടോക്‌ഷോ നടന്നു. ടോക്‌ഷോയിൽ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മേധാവികളും കർഷകരും പങ്കെടുത്തു.
ചിത്രം: കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചിതറ സി.കേശവൻ ഗ്രന്ഥശാലയുമായി സഹകരിച്ച് നടത്തുന്ന അഗ്രി ഫെസ്റ്റ് 2025 എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു.


