ചിതറയിൽ എക്‌സൈസിന്റെ വൻ ചാരായ വേട്ട: രഹസ്യ നിരീക്ഷണത്തിനൊടുവിൽ 52 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
ചടയമംഗലം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിൽ വൻ ചാരായ ശേഖരവുമായി ഒരാൾ പിടിയിൽ. ചിതറ കുഴിഞ്ഞങ്കാട് ദേശത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് 52 ലിറ്ററോളം ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സംഭവത്തിൽ മാങ്കോട് പെരിങ്ങാട് പാൽക്കുളം വീട്ടിൽ ബാബു റാവുത്തർ അറസ്റ്റിലായി.പ്രതി വ്യാപകമായി ചാരായം വാറ്റുന്നതായി എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടും പരിസരവും എക്സൈസ് ഉദ്യോഗസ്ഥരുടെ ദിവസങ്ങളായുള്ള രഹസ്യ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ഇന്ന് ഉച്ചയോടെ എക്സൈസ് സംഘം വീട് വളഞ്ഞ് പരിശോധന നടത്തിയത്. വീടിന്റെ അടുക്കള വശത്തുള്ള വാട്ടർ ടാങ്കിന് സമീപം സജ്ജീകരിച്ചിരുന്ന ഗ്യാസ് സ്റ്റൗ, സിലിണ്ടർ, വാറ്റുന്നതിനായി ഉപയോഗിച്ച അലൂമിനിയം പാത്രങ്ങൾ, 35 ലിറ്ററിന്റെ രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 52 ലിറ്റർ ചാരായം എന്നിവ എക്സൈസ് കസ്റ്റഡിയിലെടുത്തു.
ചടയമംഗലം റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷാനവാസിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു, സനൽകുമാർ, സബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്ദു, ശ്രേയസ് ഉമേഷ്, രാഹുൽ, നന്ദു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും മേഖലയിൽ നിരീക്ഷണവും പരിശോധനയും ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു


