കട്ടിങ് പ്ലെയര്‍ കൊണ്ട് തലക്കടിച്ചു കൊന്ന ശേഷം കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു
യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന് കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലിസ് പരിശോധന നടത്തുന്നത്.
യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.