ഉത്തർപ്രദേശിൽ സ്വകാര്യ ക്ലിനിക്കിൽ രണ്ട് നവജാത ശിശുക്കള്‍ തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞുങ്ങള്‍ കിടന്നിരുന്ന ഫോട്ടോതെറപ്പി മുറിയില്‍ രാത്രി മുഴുവന്‍ എ സി പ്രവര്‍ത്തിപ്പിച്ചതിനെതുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ സ്വകര്യ ക്ലിനിക്ക് ഉടമ ഡോ. നീതുവിനെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുറ്റകരമായ നരഹത്യക്ക് കൈരാന പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങളെ ഫോട്ടോതെറപ്പി മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച കൈരാനയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കുഞ്ഞുങ്ങളെ ഫോട്ടോ തെറാപ്പി യൂണിറ്റിലാക്കി. രാത്രിയില്‍ ഉറങ്ങുന്നതിനിടെ ഡോക്ടര്‍ എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്തുവെന്നും രാവിലെ വരെ ഓഫ് ചെയ്തിരുന്നില്ലെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി.
പിറ്റേന്ന് കുടുംബം കുട്ടികളെ കാണാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി കൈരാന എസ്എച്ച്ഒ നേത്രപാൽ സിംഗ് പറഞ്ഞു.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശ്വനി ശർമ്മ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് കുടുംബാംഗങ്ങള്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധിച്ചു. ഡോക്ടറിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു