ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, പരീക്ഷകൾ മാറ്റിവച്ചു. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വെച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.
ഹർത്താൽ ദിവസം എല്ലാ തലത്തിലുമുള്ള നേതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടാകാനും എല്ലാ മണ്ഡലത്തിലും പ്രകടനം നടത്താനും ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. ജില്ലാ ഹർത്താൽ വിജയിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും സമാധാനപരമായി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റിൻ്റെ നിർദേശമുണ്ട്