തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയിലെ പഞ്ചായത്തിൽ ഉൾപ്പെട്ട ചക്കമലയ്ക്ക് വി എസിനോടും അദ്ദേഹത്തിന് തിരിച്ചും പിരിക്കാനാകാത്ത ആത്മബന്ധമാണുള്ളത്. പുന്നപ്ര- വയലാർ സമരസേനാനികളെയും കുടുംബങ്ങളെയും ഇടം എന്ന നിലയിലാണ് ചക്കമലയുടെ പ്രാധാന്യം.
1946 ഒക്ടോബർ 24ന് പുന്നപ്രയിലും 27ന് വയലാറിലും ഉണ്ടായ രക്തച്ചൊരിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കായിരുന്നു കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചക്കമലയിൽ ഭൂമി അനുവദിച്ചത്.
“റിസർവ് വനമായിരുന്ന ഇവിടുത്തെ 1200 ഏക്കറാണ് പുനരധിവാസത്തിനായി സർ ക്കാർ വിട്ടുകൊടുത്തത്. ഇ എം എസ് സർ ക്കാർ ഇതിനുവേണ്ട ആദ്യപദ്ധതി തയ്യാറാക്കി. എന്നാൽ, പദ്ധതി നടപ്പാക്കും മുമ്പ് മന്ത്രിസഭ വീണു. പിന്നീട് 1972ൽ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് പുനരധിവാസ പദ്ധതി നടപ്പാക്കിയത്. ലിസ്റ്റിലെ ആദ്യ പേരുകാരനായിരുന്നു വി എസ് അച്യുതാനന്ദൻ. എന്നാൽ, ആഭൂമികുടി മറ്റുള്ളവർക്ക് നൽകിയാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെയാണ് വി എസ് ഒഴികെയുള്ളവർ ചക്കമലയിലെ ഭൂമിയുടെ ഉടമകളായത്.
വന്യമൃഗങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ചക്കമലയിൽ താമസം മീൻപിടിച്ചും കയർ പിരിച്ചും ജീവിച്ച വർക്ക് പ്രതികുലമായിരുന്നു.
പലരും സ്ഥലംവിറ്റ് മടങ്ങി. മരിച്ചുവീണാലും തിരിച്ചുപോകില്ല എന്ന് പ്രതിജ്ഞ എടുത്തവർ അവിടെ പിടിച്ചു നിന്നു. 600പേർക്കാണ് രണ്ടുഘട്ടമായി രണ്ടേ ക്കർവീതം നൽകിയത്. ഭൂമി ലഭിച്ചവരെ സംഘടിപ്പിച്ച് പുന്നപ്ര- വയലാർ സഹകരണസംഘം രജിസ്റ്റർചെയ്ത് കൃഷിതുടങ്ങി. അതിന്റെ മറപിടിച്ച് തരിശുഭൂമി കൈയേറി കൃഷിചെയ്യാൻ മറ്റു ചിലരും ശ്രമം നടത്തി.
എന്നാൽ, ഭൂമി പാവപ്പെട്ടവനുതന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകത്തൊഴി ലാളി യൂണിയനും സിപിഐ എമ്മും സമരരംഗത്തെത്തി. മൺവെട്ടിയും ചെങ്കൊടിയുമായി നടത്തിയ ആ സമരത്തിനും മുന്നണിപ്പോരാളിയായി വി എസ് ഉണ്ടായിരുന്നു. എ കെ ജിയും സുശീലാ ഗോപാലനും പി വി കുഞ്ഞിക്കണ്ണനും ഉൾപ്പെടുന്ന നേതാക്കളും സമരരംഗത്ത് ആവേശം വിതച്ചു. ഈ സമരത്തിലാണ് ‘പൊലീസും പട്ടാളവും വന്നാക്രമിച്ചാൽ മലമുകളിൽനിന്ന് പാറയുരുട്ടിയിടാൻ കിഴക്കുംഭാഗത്തു ചേർന്ന യോഗത്തിൽ എ കെ ജി ആഹ്വാനം ചെയ്തത്.
1980ൽ നായനാർ മന്ത്രിസഭയുടെ കാലത്ത് തരിശു പുറമ്പോക്ക് കൈ കൈവശക്കാർക്കെല്ലാം പട്ടയം നൽകിയതോടെയാണ് ചക്കമല ഭൂസമരം അന്തിമവിജയം നേടിയത്.
വി എസ് പങ്കെടുക്കാത്ത പ്രധാന പരിപാടികൾ ചക്കമലയിൽ കുറവായിരുന്നു. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മലമുകളിൽ നെൽക്കൃഷി തുടങ്ങിയപ്പോൾ ഞാറു നട്ട് ഉദ്ഘാടനംചെയ്യാനും വി എസ് എത്തി. അത്രയേറെ ആത്മബന്ധമുള്ള ഭൂമികയാ യിരുന്നു വി എസിന് ചക്കമല. ഇവിടുത്തെ പുന്നപ്ര- വയലാർ സമരസേനാനി കുടും ബങ്ങളുടെ ചുമരുകളിൽ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന ചിത്രമാണ് സഖാവ് വി എസിന്റേത്.