കടയ്ക്കൽ: കാർഷിക മേഖലയുടെ സമഗ്രവികസനം കർഷക ഉത്പാദക കമ്പനികളിലൂടെ സാധ്യമാകുമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു.എം കുറുപ്പ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നബാർഡിൻ്റെയും ഇതര ഏജൻസികളുടെയും നേതൃത്വത്തിൽ പതിനായിരം കർഷക ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. കൃഷിക്കാർ തന്നെ നേതൃത്വം കൊടുത്ത് രൂപീകരിക്കുന്ന കർഷക ഉത്പാദക കമ്പനികൾ കാർഷിക മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പരിശ്രമിക്കുന്നത്. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുകയും അതിലൂടെ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായും കർഷക ഉത്പാദക കമ്പനികൾ ലക്ഷ്യമിടുന്നത്. നാട്ടിൽ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സമാഹരിച്ച് വിപണന മൂല്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കർഷകന്റെ ഉൽപ്പന്നങ്ങളെ വിവിധ മൂല്യ വർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുക എന്നത് കർഷക കമ്പനികളുടെ പ്രധാനപ്പെട്ട ദൗത്യമാണ്. ചടയമംഗലം ബ്ലോക്കടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കർഷകരിൽ നിന്നും സംഭരിച്ച മഞ്ഞൾ കുരുമുളക് എന്നിവയിൽനിന്നുള്ള മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഇന്ന് മുതൽ മാർക്കറ്റിൽ ലഭ്യമാകും. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻ്റ് ചെയർമാൻ ഡോ.നടയ്ക്കൽ ശശി അധ്യക്ഷത വഹിച്ചു. നബാർഡ് ഡി.ഡി.എം ആർ.രാഖിമോൾ, തമിഴ്നാട് ഹോർട്ടി കൾച്ചർ മിഷൻ അസിസ്റ്റൻ്റ് ഡയറക്ടർ വി.അറുമുഖം, കമ്പനി ചെയർമാൻ ജെ.സി.അനിൽ, ഡയറക്ടർമാരായ എസ്.ജയപ്രകാശ്, സി.പി.ജസിൽ, എസ്.വിജയകുമാരൻ നായർ, കെ.ഓമനക്കുട്ടൻ, വി.രാജേന്ദ്രൻ നായർ, മനോജ് കുഞ്ഞപ്പൻ, കെ.ജി.വിജയകുമാർ, എം.ഗോപാലകൃഷ്ണ പിള്ള, എസ്.സുരേന്ദ്രൻ, വളവുപച്ച സന്തോഷ്, റജീന ബീഗം തുടങ്ങിയവർ പങ്കെടുത്തു. കമ്പനി സി.ഇ.ഒ മുന്ന മുഹമ്മദ് സുഹൈൽ നന്ദി പറഞ്ഞു.
ചിത്രം. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ- കേരള ബൈജു.എൻ.കുറുപ്പ് നിർവ്വഹിക്കുന്നു
കാർഷിക വികസനം എഫ്.പി.ഒ കളിലൂടെ: നബാർഡ് സി.ജി.എം

Subscribe
Login
0 Comments
Oldest