കോളജ് ഹോസ്റ്റലിൽ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. വിദ്യാർത്ഥിനികളെ അപമാനിച്ചതിന് നാല് ജീവനക്കാർക്കെതിരെ കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം
എന്നാൽ വസ്ത്രമഴിപ്പിച്ച സംഭവത്തിൽ വിചിത്ര വിശദീകരണമാണ് ഹോസ്റ്റൽ ജീവനക്കാർ നൽകുന്നത്. ത്വക്ക് രോഗം വ്യാപിക്കുന്നുണ്ടെന്നും മറ്റ് വിദ്യാർത്ഥികളുടെ വസ്ത്രങ്ങൾ മാറിയിടരുതെന്ന് നിർദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് വിദ്യാർത്ഥികൾ വസ്ത്രം മാറിയിട്ടെന്നും അതിനാലാണ് വസ്ത്രം അഴിപ്പിച്ചതെന്നും ജീവനക്കാർ പറയുന്നു.
വിഷയത്തിൽ ഷോളയൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട എട്ട് വിദ്യാർത്ഥികളാണ് അപമാനിക്കപ്പെട്ടത്.
വളരെ നീചമായ സംഭവമാണെന്ന് ആദിവാസി നേതാവ് സി കെ ജാനു പ്രതികരിച്ചു. ഹോസ്റ്റലുകളുടെ അവസ്ഥ വളരെ ദയനീയമാണ്. വിദ്യാർത്ഥികളെ അപമാനിച്ചതിൽ ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സി കെ ജാനു മാധ്യമങ്ങളോട് പ്രതികരിച്ചു.