ചെറുനാരകം കോട് സ്വദേശികളായ 9 ഉം 6 ഉം വയസുള്ള സഹോദരങ്ങളെ യാണ് തട്ടികൊണ്ടുപോകാൻ ശ്രമം നടന്നത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.15 മണിയോടെ കിളിമാനൂർ ആനന്ദൻമുക്കിന് സമീപം വച്ചായിരുന്നു സംഭവം.
ബാർബർ ഷോപ്പിൽ പോയി മുടി വെട്ടിച്ച ശേഷം വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു കുട്ടികൾ .
ഈ സമയം അതുവഴി വന്ന വെള്ളി നിറത്തിലുള്ള മാരുതി കാർ കുട്ടികളുടെ സമീപം നിർത്തിയശേഷം ഡ്രൈവർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ സംശയം തോന്നിയ കുട്ടികൾ അവിടെ നിന്നും മുന്നോട്ട് ഓടി.
റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കുട്ടികളെ അഞ്ഞൂറ് മീറ്ററോളം കാർ പിൻ തുടർന്നു.
ഇതിനിടെ 3 തവണ സമാന രീതിയിൽ അരികെ കാർ നിർത്തി ഡ്രൈവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കുട്ടികൾ പറയുന്നു.
ഭയന്ന് തളർന്ന കുട്ടികൾ സമീപത്ത് കണ്ട വീട്ടിലേക്ക് ഓടിക്കയറി.
പേടിച്ചരണ്ടെത്തിയ കുട്ടികളോട് വീട്ടുടമ കാര്യങ്ങൾ തിരക്കുന്നത് കണ്ട ഡ്രൈവർ കാറുമായി അവിടെ നിന്നും അതിവേഗം സ്ഥലം വിട്ടു.
വീട്ടിൽ മടങ്ങിയെത്തിയ കുട്ടികൾ വിവരം പറഞ്ഞതോടെ വീട്ടുകാരും, അയൽവാസികളും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കാറിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല.
തുടർന്ന് കിളിമാനൂർ പോലീസിൽപരാതി നൽകി.
പോലീസ് കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. ആറ് മാസം മുമ്പ് വാമനപുരം ആറാം താനത്തും, വെഞ്ഞാറമൂട്ടിലും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു.
മേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിയ്ക്കുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.