കോട്ടയം അതിരമ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് ഇരുപത്തി നാലു വയസു മാത്രം പ്രായമുള്ള ഷൈമോൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല സ്വദേശി അനിൽ വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടിൽ ഷൈമോൾക്ക് ശാരീരിക മാനസിക പീഡനങ്ങളേറ്റിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിന്‍റെ വീട്ടിൽ താമസിക്കാൻ പേടിയാണെന്ന് ഷൈമോൾ അവസാനമായി തന്‍റെ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് പറഞ്ഞിരുന്നു. അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവറായ അനിൽ വർക്കിക്ക് 26 വയസാണ് പ്രായം. നാലു വർഷം മുമ്പാണ് അനിൽ അതിരമ്പുഴ സ്വദേശിനി ഷൈമോളെ പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ ഏറെ നാളായി അനിൽ നിരന്തരം ഷൈമോളെ ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ഷൈമോളുടെ കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഷൈമോൾ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത് പീഡനം സഹിക്കാതെയാണെന്നും പരാതി ഉയർന്നിരുന്നു. ഷൈമോളുടെ കുടുംബത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അനിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. അനിലുമായി നിലനിൽക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഷൈമോളുടെ ആത്മഹത്യക്കുറിപ്പിലും സൂചനകൾ ഉണ്ടായിരുന്നു.

