എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി ചടയമംഗലം നിയോജകമണ്ഡലം പട്ടയ അസംബ്ലി മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ റവന്യൂ, പട്ടയ സംബന്ധമായ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അദ്ധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരമാണ് പട്ടയ അസംബ്ലി നടന്നത്.
ഭൂരഹിതരില്ലാത്ത കേരളം സക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ പട്ടയ വിതരണം ഊർജ്ജിതമാക്കുന്നതിന് രൂപീകരിച്ച പട്ടയമിഷൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പട്ടയ അസംബ്ലി എല്ലാ മണ്ഡലങ്ങളിലും സംഘടിക്കപ്പെടുന്നത്. മണ്ഡലത്തിലെ ജനപ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്ത പട്ടയ അസംബ്ലിയിൽ ഓരോ പഞ്ചായത്തിലെയും പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്തു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടര്‍ ശ്രീ. നിര്‍മ്മല്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.
മണ്ഡലത്തിലെ 9 പഞ്ചായത്തുകളില്‍, 12 വില്ലേജുകളിലായി വിവിധ തരത്തിലുള്ള പട്ടയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആകെ മണ്ഡലത്തില്‍ 256 പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. 84 അപേക്ഷകള്‍ നടപടിയിലുണ്ട്. ഇനിയും ഒട്ടനവിധി പട്ടയങ്ങള്‍ പരിഗണനയ്ക്ക് വരേണ്ടതുണ്ട്.
ഇവ വേഗത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു . മണ്ഡല അടിസ്ഥാനത്തിലുള്ള നിലവിലെ മുഴുവൻ പട്ടയ പ്രശ്നങ്ങളും പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഡെപ്യൂട്ടി കളക്ടർ ശ്രീ. നിർമ്മല്‍ കുമാറിനെ നോഡല്‍ ഓഫീസറുമായി തിരഞ്ഞെടുത്തു.
മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ,റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയര്‍ സമിതിയില്‍ അംഗങ്ങളാണ്.

