തെരുവിൻ ഭാഗത്ത് അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് വീട്ടിലേക്കുള്ള വഴി കിളച്ചു മറിക്കുകയും വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തതായി ആരോപണം. കഴിഞ്ഞദിവസം രാത്രി 12:30 മണിയോടു കൂടിയാണ് സംഭവം. ചടയമംഗലം തെരുവിൻ ഭാഗം വിളയിൽ വീട്ടിൽ കമലാസനനും കുടുംബവുമാണ് ചടയമംഗലം പോലീസിൽ പരാതി നൽകിയത്.
മർദ്ദനത്തിൽ പരിക്കേറ്റ കമലാസനൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.. ഭാര്യയും വികലാംഗയായ മകളും താമസിക്കുന്ന വീട്ടിലാണ് രാത്രി അക്രമികൾ അതിക്രമിച്ച് കയറിയത്. എന്നാൽ വഴി സംബന്ധിച്ച് നേരത്തെ തന്നെ പരാതികൾ നിലനിൽക്കുന്നതായി ആരോപണ വിധേയർ പറയുന്നു.
വഴി വെട്ടി ഇടിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനായ കമലാസനനെ ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് നീക്കി എറിഞ്ഞു. അദ്ദേഹത്തിന്റെ കാലിനും തോളിനും സാരമായി പരിക്കേറ്റു. കമലാസനൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കടയ്ക്കൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
വഴി തർക്കത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ എ രാജു ഇടപെടുകയും പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം വഴി അളന്ന് തിട്ടപ്പെടുത്തി കൊടുക്കുകയും ചെയ്തിരിന്നു . എന്നാൽ ഈ മാനദണ്ഡങ്ങളൊക്കെ ലംഘിച്ചു കൊണ്ടാണ് കഴിഞ്ഞദിവസം രാത്രിയിൽ അജ്ഞാതരായ സംഘം ജെസിബിയുമായി അതിക്രമിച്ചു കയറി നിലവിലുള്ള വഴി വെട്ടി ഇടിച്ചത് എന്നാണ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. രാത്രിയിൽ തന്നെ ചടയമംഗലം പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
കൊല്ലം മീയണ്ണൂർ സ്വദേശിയായ ബിനു മറ്റ് കണ്ടാൽ അറിയാവുന്ന നാല് പേർ എന്നിവർക്കെതിരെ ചടയമംഗലം പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു

