കേരളത്തിൽ വർദ്ധിച്ചു വരുന്ന ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ 3 മണി വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥവകുപ്പും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നൽകി.
ഈ സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് സമയംപുനഃക്രമീകരിച്ചിരിക്കുന്നത്.
ചൂട് കൂടിയ സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണെന്നും അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ 2024 ഫെബ്രുവരി 20 മുതൽ ഏപ്രിൽ 30 വരെയുള കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പകൽ സമയം ഉച്ചയ്ക്ക് 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വിശ്രമം ആവശ്യമായി വരുന്നപക്ഷം തൊഴിലാളികൾ പണിയെടുക്കുന്നതിൽ നിന്നും ഒഴിവാക്കാവുന്നതാണ്.
എന്നാൽ നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട സമയത്തിലും മാറ്റം വരുത്താതെ രാവിലെ 7 മണി മുതൽ വൈകുന്നരം 7 മണി വരെയുള്ള സമയത്തിനുള്ളിൽ ആകെ പ്രവൃത്തി സമയം 8 മണിക്കൂറായി നിജപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിൽ സമയം പുനഃക്രമീകരിക്കണം എന്നും അറിയിച്ചിട്ടുണ്ട്.